flood
ആറൻമുള കോഴിപ്പാലത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എൻ.ഡി.ആർ.എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നു

തിരുവല്ല : മലയോരത്ത് മഴ കനത്തതോടെ മലവെള്ളത്തിന്റെ കുത്തൊഴുക്ക് തുടരുന്നതിനാൽ തിരുവല്ല താലൂക്കിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 11 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ഇന്നലെ തുറന്നു. ഇന്നലെ വൈകിട്ടുവരെ ക്യാമ്പുകളുടെ എണ്ണം 36 ആയി. 338 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1163 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പമ്പ, ശബരിമല എന്നിവിടങ്ങളിൽ കനത്തമഴ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കി. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വീടുകളിൽ വെള്ളംകയറി. പ്രധാന റോഡുകളും ഗ്രാമീണമേഖലയിലെ ചെറിയ റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം നിലച്ചു. തിരുവല്ല കറ്റോട് വലിയതോട്ടിലെ ചീപ്പ് കവിഞ്ഞ് വെള്ളമൊഴുകുന്നത് പടിഞ്ഞാറ്റുംചേരി നിവാസികളെ ആശങ്കയിലാക്കി. കാലവർഷ സമയത്ത് വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത്. പാറേകുന്തറ അടക്കമുള്ള പ്രദേശങ്ങൾ ഏതുനിമിഷവും വെള്ളത്തിലാകുന്ന സ്ഥിതിയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ.

ആശങ്കയൊഴിയാതെ റാന്നി

റാന്നി : പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ പ്രളയഭീതിയിലാണ് ജനങ്ങൾ. കിഴക്കൻ മലയോര മേഖലകളിലും ശബരിമല വനാന്തരങ്ങളിലും കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അരയാഞ്ഞലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്‌വേകൾ വെള്ളത്തിൽ മുങ്ങി. അറയാഞ്ഞലിമൺ, കുരുമ്പൻമൂഴി മേഖലയിലെ രണ്ടായിരത്തോളം ആളുകൾക്ക് പുറംലോകവുമായി ബന്ധപ്പെടാനാകുന്നില്ല.

അങ്ങാടി പഞ്ചായത്തിലെ വലിയകാവ്‌ റോഡിൽ പുള്ളോലിക്കും ചെട്ടിമുക്കിനുമിടയിൽ റോഡിലേക്ക് വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. റാന്നി പഞ്ചായത്തിലെ മന്ദിരം വടശ്ശേരിക്കര റോഡിലും റാന്നി ചെറുകോൽപ്പുഴ റോഡിൽ കാലായിൽ പടിയിലും വെള്ളം കയറി അൽപ്പനേരം ഗതാഗതം തടസപ്പെട്ടു. തോട് കരകവിഞ്ഞതോടെ ടൗണിൽ ബസ് സ്റ്റാൻഡിനു പുറകുവശവും ടൗണിലെ റോഡ് നിരപ്പിനു താഴെയുള്ള കടകളിലും വെള്ളം കയറി. കടകളിലെ സാധനങ്ങൾ വ്യാപാരികൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി. കൂടാതെ പമ്പയുടെ കൈവഴികളിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. വിളവെത്താറായ വാഴയും, കപ്പയും ഉൾപ്പടെ നിരവധി കൃഷികൾ നശിച്ചു. 2018ലെ മിന്നൽ പ്രളയത്തിന്റെ ദുരിതം ഇപ്പോഴും അനുഭവിക്കുന്ന റാന്നിയിലെ ജനങ്ങൾക്ക് പമ്പയിലെ ജലനിരപ്പ് ഉയരുന്നതിൽ ഏറെ ആശങ്കയുണ്ട്.