
ആറൻമുള : പമ്പയിലെ ഉയർന്ന ജലനിരപ്പിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാസംവിധാനങ്ങളോടെ പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യകൾക്ക് ആറന്മുളയിൽ തുടക്കമായി. മാരാമൺ, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാടായി ഇന്നലെ വള്ളസദ്യകൾ നടന്നത്.
രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടർന്ന് മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളിൽ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിൽ പങ്കുകൊണ്ടു.
രാവിലെ 11.30ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ തൂശനിലയിൽ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, മുൻ എം.എൽ.എ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, പള്ളിയോട സേവാസംഘം ഭാരവാഹികളായ പാർത്ഥസാരഥി ആർ.പിള്ള, സഞ്ജീവ് കുമാർ, പ്രദീപ് ചെറുകോൽ, വി.കെ.ചന്ദ്രൻ, ശശികുമാർ പാണ്ടനാട്, ശരത് പുന്നംതോട്ടം, പി.ആർ.ഷാജി. ഭക്തജന പ്രതിനിധികളായ ജഗൻമോഹൻദാസ്, കെ.ഹരിദാസ്, സുകുമാരപ്പണിക്കർ, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവർ സംബന്ധിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളോടെ മാത്രമേ തുടർന്നുള്ള ദിവസങ്ങളിലെ വഴിപാടുകൾ നടത്തുകയുള്ളെന്ന് ഭാരവാഹികൾ അറിയിച്ചു.