 
സീതത്തോട് : മുണ്ടൻപാറയിൽ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ട സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ് സന്ദർശിച്ചു. പ്രദേശവാസികൾ അടിയന്തരമായി സ്ഥലത്ത് നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിള്ളലിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പുനൽകി.
നാല് വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലമാണ് ഇത്. ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് ഇവിടെ ശാസ്ത്രീയ പഠനം നടത്തും. അതിനായി ഒരു സംഘത്തെ രൂപീകരിച്ചു. ഇവർ പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കുന്നിന്റെ ചരിവായ പ്രദേശമായതിനാൽ വിള്ളൽ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമായി അന്വേഷിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.