അടൂർ: അടൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പദ്ധതികളുമായി ഗതാഗത ഉപദേശക സമിതി യോഗം . നഗരസഭ ചെയർമാൻ ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവൈ.എസ്.പി ആർ. ബിനു, സി.ഐ ടി.ഡി.പ്രജീഷ് കുമാർ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിനു, കെ.എസ്.ടി.പി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജ, ഡെപ്യൂട്ടി തഹസിൽദാർ ഹരീന്ദ്രനാഥ്, വില്ലേജ് ഓഫീസർ രേണുരാമൻ, ജോയിന്റ് ആർ.ടി.ഒ. അജിത്കുമാർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അനൂപ് എന്നിവർ പങ്കെടുത്തു.

@ ഹോട്ടൽ ഇന്ദ്രപ്രസ്ഥ മുതൽ പാർത്ഥസാരഥി ജംഗ്ഷൻ ബസ്ബേ വരെയും ബസ്ബേ കഴിഞ്ഞ് ഗീതം ഒാഡിറ്റോറിയത്തിനു സമീപംവരെയും എം.സി.റോഡിന് കിഴക്കു വശത്ത് പാർക്കിംഗ് ഏർപ്പെടുത്തും. ജില്ലe സഹകരണ ബാങ്കിന് മുൻവശമുളള ട്രാൻസ് ഫോർമർ മുതൽ ഇന്ദ്രപ്രസ്ഥവരെ ഇരുചക്ര വാഹനങ്ങൾക്കും ബാക്കി ഭാഗത്ത് നാല് ചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

@ കെ.എസ്.ആർ.ടി.സി. ജംഗ്ഷന് സമീപമുളള ഇരുചക്രവാഹന പാർക്കിംഗ് ഒഴിവാക്കി. വാഴവിള മെഡിക്കൽസിനു വടക്കുവശം ടാക്സി പാർക്കിംഗിനുമാത്രമാക്കി. ജനറൽആശുപത്രി റോഡിൽ ഒാട്ടോ സ്റ്റാൻഡിനു പിറകിലായി ഇടത് വശത്ത് മൂന്ന് ആംബുലൻസുകൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. ആശുപത്രിക്ക് പടിഞ്ഞാറ് റോഡിലെ പാർക്കിംഗ് പൂർണമായി ഒഴിവാക്കി ഇവിടെ വൺവേയാക്കും.

@ എസ്. എൻ.ഡി.പി. കെട്ടിടത്തിന് മുൻവശം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നാലുചക്ര വാഹനങ്ങൾക്ക് പാർക്കുചെയ്യാം. യമുന ഹോട്ടലിന് പടിഞ്ഞാറ് ഇടതുവശത്ത് വൺവേ ഭാഗത്ത് നാല് ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. വൺവേ റോഡിന് തെക്ക് വശം ആർ.ഡി.ഒ. ഓഫീസിന് മുൻവശം വരെ പാർക്കിംഗ് അനുവദിക്കും. അടൂർ - ആനന്ദപ്പളളി എം.ജി.റോഡിൽ ആർ.ഡി.ഒ.ഓഫീസ് മുതൽ പൊലീസ് സ്റ്റേഷൻ റോഡ് വരെ നോ പാർക്കിംഗ് ആക്കും. ഗീതം ജംഗ്ഷൻ കോടതി റോഡ് -ഡിക്സൺ റോഡ് വൺവേ തെക്ക് ഭാഗം- ആംബുലൻസ് പാർക്കിങ്ങിനു മുൻഗണന നൽകും.

@ റവന്യൂ ടവർ മുതൽ പഴയ ബസ് സ്റ്റാൻഡ് റോഡ് വൺവേയാകും. അഗ്നിരക്ഷാ നിലയത്തിനു മുൻവശം കിഴക്കു ഭാഗം-ഹോളിക്രോസ് വെയിറ്റിംഗ് ഷെഡ് മുതൽ നീമാ ഫിനാൻസ് വരെ പാർക്ക് ചെയ്യാം. സെൻട്രൽ ടോൾ ഗാന്ധി അംബേദ്ക്കർ പ്രതിമ ഒഴിച്ചുള്ള ഭാഗത്ത് പാർക്കിംഗിന് അനുമതിയുണ്ട്. സെൻട്രൽ ടോൾ മുതൽ തെക്കോട്ട് നയനം തീയേറ്റർ വരെ റോഡിന് കിഴക്കുവശത്തും ഇൗറോഡിൽ വൈശാഖ് മിൽ മുതൽ താമരശ്ശേരി വർക്ക് ഷോപ്പ് വരെയുളള റോഡിന്റെ പടിഞ്ഞാറ് വശത്തും പാർത്ഥസാരഥി റോഡിന്റെ ഇടതുവശത്തും പാർക്കിംഗിന് അനുമതി നൽകും.

@ പാർക്കിങ്ങിനായി തീരുമാനിച്ചിട്ടുളള സ്ഥലങ്ങളിൽ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് പാർക്കിങ് ഫീസ് ഈടാക്കും. വാഹനങ്ങളുടെ കാഴ്ച തടയുന്ന തരത്തിൽ സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോർഡുകൾ നീക്കണം. വൈറ്റ് പോർട്ടിക്കോയുടെ തെക്കുവശം നോ പാർക്കിംഗ് ഏരിയയായും വടക്കുവശം പാർക്കിങ് ഏരിയയായും നിജപ്പെടുത്തും. പാതയോരത്തെയും പ്രധാന ജംഗ്ഷനുകളിലെയും അനധികൃത മത്സ്യകച്ചവടം നിരോധിക്കും. കൊട്ടാരക്കര ഭാഗത്ത് നിന്നുവരുന്ന ബസുകൾ ടൗണിലെ തെക്കേ പുതിയ പാലം വഴി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലേക്ക് പോകുന്നതിനും പടിഞ്ഞാറ് നിന്നുവരുന്ന ബസുകൾ വടക്കുപാലം വഴി കടന്നു പോകുന്നതിനും സാധാരണ വാഹനങ്ങൾ മദ്ധ്യഭാഗത്തു കൂടി കടത്തി വിടുന്നതിനും നടപടിയെടുക്കും. നഗരസഭയിലെ ഓട്ടോകൾക്ക് നമ്പരും പ്രത്യേക കളർകോഡും നൽകും. പാലത്തിൽ ചെറിയ പൊക്ക വിളക്കുകൾ സ്ഥാപിക്കും.