 
കോന്നി: സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും വേണ്ടി ആരംഭിച്ച ചെങ്ങറ സമരം ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനമുയർത്തിയ സമരമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു. ചെങ്ങറ സമരത്തിന്റെ പതിനഞ്ചാം വാർഷിക സമ്മേളനം അംബേദ്കർ സ്മാരക മാതൃകാ ഗ്രാമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്ന ഏക്കർ കണക്കിന് മിച്ചഭൂമി പിന്നീട് കാണാതായി. ഇവയൊക്കെ തോട്ടങ്ങളായും മറ്റും തല്പരകക്ഷികളുടെ കൈവശമായെന്ന് അദ്ദേഹം പറഞ്ഞു.
സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. എൻ എ പി എം സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. കുസുമം ജോസഫ്, മൂലമ്പിള്ളി സമര നേതാവ് പ്രൊഫ.ഫ്രാൻസിസ് കളത്തുംഗൽ, നാഷൺഹൈവേ സമര നേതാവ് ഹാഷിം ചേന്നംപിള്ളി, കെ റയിൽ വിരുദ്ധ സമിതി നേതാവ് ബാബു കുട്ടൻചിറ, ജനകീയ പ്രതിരോധ സമിതി നേതാവ് പിറവന്തൂർ ഗോപാലകൃഷ്ണൻ, എസ് .യു. സി. ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ്, ബാല സാഹിത്യകാരൻ റജി മലയാലപ്പുഴ, ഗ്രീൻ എർത്ത് നേതാവ് മേജർ മൂസക്കുട്ടി, ദളിത് സമുദായ മുന്നണി നേതാവ് ബിജോയി ഡേവിഡ് , ഷൈല കെ ജോൺ, വിനോദ് കോശി, സി.കെ ശിവദാസൻ, സാധുജന വിമോചന സംയുക്ത വേദി നേതാക്കളായ മാണികുളം അച്യുതൻ, അജികുമാർ കറ്റാനം, ബേബി ചെരിപ്പിട്ടകാവ്, സുരേഷ് കുമാർ എസ്, പുഷ്പചന്ദ്രൻ, ചെങ്ങറ സമര സഹായസമിതി കൺവീനർ എസ്.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.