പന്തളം: പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നഗരസഭ കവാടത്തിനു മുമ്പിൽ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നും വിവിധ ട്രേഡ് യൂണിയനുകളിൽ നിന്നും പ്രവർത്തകർ സമരത്തിൽ പങ്കാളികളാവും. ഇന്ന് രാവിലെ നടക്കുന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും ,ചെയർപേഴ്‌സൺ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു . മറ്റാരുമായും ചേർന്ന് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് ഏരിയാസെക്രട്ടറി ആർ.ജ്യോതി കുമാർ പറഞ്ഞു. സി.പി.എമ്മിലേക്ക് ആരെയും അടർത്തിയെടുക്കില്ല. അത് പാർട്ടി നയമല്ലെന്നും ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് വരുന്നവരെ സ്വീകരിക്കുമെന്നും ജ്യോതികുമാർ പറഞ്ഞു. നഗരസഭ പാർലമെന്റ് പാർട്ടി ലീഡർ ലസിത നായർ, സി.പി.എം നേതാക്കളായ കെ. പി ചന്ദ്രശേഖരക്കുറുപ്പ് ,ഇ.ഫസൽ, എസ് .കൃഷ്ണകുമാർ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു