പന്തളം : പന്തളം നഗരസഭ കൗൺസിലിൽ ബഹളത്തിനിടയിൽ രണ്ട് അജണ്ടകൾ പാസാക്കി ചെയർപേഴ്‌സൺ, ബുധനാഴ്ച കൂടിയ നഗരസഭ കൗൺസിൽ ചെയർപേഴ്‌സന്റെ അസഭ്യവർഷത്തെ തുടർന്ന് ബഹളത്തിൽ കലാശിച്ചിരുന്നു. മാറ്റിവച്ച് യോഗമാണ് ഇന്നലെ നടന്നത്. ബി.ജെ.പിയിലെ ശ്രീദേവി, കെ.വി.പ്രഭ, കോമളവല്ലി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. ചെയർപേഴ്‌സൺ സുശീല സന്തോഷ് കൗൺസിൽ നടപടിക്രമങ്ങൾ ആരംഭിപ്പോൾതന്നെ പ്രതിപക്ഷം ചെയർപേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. ബഹളത്തിനിടെ ചെയർപേഴ്‌സൺ രണ്ട് അജണ്ടകൾ പാസാക്കിയതായി പറഞ്ഞു. തുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് ഹാളിന് പുറത്തേക്കിറങ്ങി നഗരസഭയുടെ പ്രധാന ഓഫീസിന് മുമ്പിൽ ധർണ നടത്തി. പ്രതിപക്ഷം 48 മണിക്കുറിനകം വിവേചനക്കുറിപ്പ് തയ്യാറാക്കി നൽകിയാലേ പാസാക്കിയ അജണ്ടയിൽമേൽ ഭൂരിപക്ഷം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കഴിയുവെന്ന് നഗരസഭ സെക്രട്ടറി എ.എം മുംതാസ് പറഞ്ഞു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ പൂഴിക്കാട് 24ാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ സി.പി.എമ്മിനൊപ്പം ചേർന്നത് ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി. ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ ഡി.സി.സി മെമ്പറും കൗൺസിലറുമായ പന്തളം മഹേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, കെ.ആർ രവി, സുനിതാ വേണു രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു