road
കുമ്പഴ വെട്ടൂർ അട്ടച്ചാക്കൽ കോന്നി റോഡിലെ ആഞ്ഞില് കുന്ന് കയറ്റത്തിലെ അപകട ഭീഷിണിയുയർത്തുന്ന കുഴികൾ

കോന്നി: കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ കോന്നി റോഡിലെ ആഞ്ഞിലി കുന്ന് ജംഗ്ഷനും അട്ടച്ചാക്കൽ വഞ്ചിപടിക്കും ഇടയിലുള്ള കയറ്റത്തിലെ റോഡിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. ആഞ്ഞിലി കുന്ന് ജംഗ്ഷൻ കഴിഞ്ഞ് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കുഴികളുടെ അടുത്തു വരുമ്പോൾ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികൾ കാണുന്നത്. കുമ്പഴ ഭാഗത്തു നിന്ന് വരുന്ന വാഹങ്ങൾ കുഴികൾ കണ്ടു വാഹനം വെട്ടിച്ചു മാറ്റുമ്പോൾ വളവിൽ എതിരെ കോന്നി ഭാഗത്തു നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങളുമായി കൂട്ടി ഇടിച്ചു അപകടങ്ങളും ഉണ്ടാവുന്നത് പതിവാണ്. മലയോര മേഖലയിലെ ജനങ്ങൾ പതിവായി ഉപയോഗിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ പണികൾ നടന്നപ്പോൾ സംസ്ഥാനപാതയിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെയാണ് തിരിച്ചു വിട്ടിരുന്നത്. ഒരു വർഷം മുൻപ് തമിഴ്‍നാട് സ്വദേശികളായ ബൈക്ക് യാത്രക്കാരായ രണ്ടുപേർ ഈ കുഴികളിൽ വീഴുകയും അതിൽ ഒരാൾ അപകടത്തെ തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം രാത്രിയിൽ ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പഴ ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങൾ പെട്ടന്ന് വെട്ടിയ്ക്കുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്. കുഴികളിൽ നാട്ടുകാർ മണ്ണിട്ടത് മഴപെയ്യുന്നതോടെ ചെളിയും നിറഞ്ഞിരിക്കുകയാണ്. മണ്ഡല പൂജയ്ക്ക് ശബരിമല ക്ഷേത്രത്തിലേക്ക് പോകുന്ന തങ്ക അങ്കി ഘോഷയാത്ര കടന്നു പോകുന്നത് ഈ റോഡിലൂടെയാണ്. ശബരിമല സീസണിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ നിന്നും തമിഴ്‍നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും കാൽനടയായി വരുന്ന തീർത്ഥാടകർ ഈ റോഡിലൂടെയാണ് അച്ചൻകോവിൽ കോന്നി വഴി മലയാലപ്പുഴയ്ക്ക് വരുന്നതും തുടർന്ന് എരുമേലിയിലേക്ക് പോകുന്നത്. പൊന്നമ്പി പള്ളിയിലേക്ക് വരുന്ന വിശ്വാസികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

........................

ആഞ്ഞിലികുന്ന് കയറ്റത്തിലെ നിരവധി അപകടങ്ങൾക്ക് കാരണമായ കുഴികൾ ഇല്ലാതാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം

ഉദയകുമാർ.വി.എസ്.

(പൊതു പ്രവർത്തകൻ )