മല്ലപ്പള്ളി : താലൂക്കിലെ ആശങ്ക ഒഴിയുന്നു. കഴിഞ്ഞദിവസങ്ങളിൽ ജലനിരപ്പ് താഴ്ന്നും ഉയർന്നും നിന്നിരുന്ന മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പ്രളയഭീതിയെ മറികടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായി മഴ പെയ്തില്ലെങ്കിലും ജലനിരപ്പ് ഉയർന്നു നില്ക്കുന്നത് ആശങ്ക ഉളവാക്കിയിരുന്നു. കിഴക്കൻ മേഖലകളിലെ ശക്തമായ മഴയാണ് ക്രമാതീതമായി ജലനിരപ്പുഉയർത്തിയിരുന്നത്.തീരദേശവാസികളെയും വ്യാപാരികളെയും ആശങ്കയിലായിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതോടെ ഭയാശങ്കകൾ ഒഴിവായി.താലൂക്കിൽ കോട്ടാങ്ങൽ ,മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകൾ 119 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത് താലൂക്കിലെ കൃഷിയിടങ്ങളും വെള്ളത്തിലാണ്. ആറ്റിലെ ജലനിരപ്പ് താഴ്ന്നാലും കൃഷിയിടങ്ങളിലെ വെള്ളം താഴുന്നതിന് ദിവസങ്ങളോളം കാലതാമസമുണ്ടാകുന്നത് കർഷകരെയും പ്രതിസന്ധിയിലാക്കുന്നു.