മല്ലപ്പള്ളി : 2021ൽ കാലംതെറ്റി പെയ്ത മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും ജില്ലയിൽ ഏറ്റവും നാശം വിതച്ചത് മല്ലപ്പള്ളി താലൂക്കിലെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിൽ. 12.5കോടി രൂപയാണ് താലൂക്കിൽ നഷ്ടമുണ്ടായത്. 360 വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.അഞ്ചോളം പഞ്ചായത്തുകളിലായി 1600ലധികം വീടുകളിൽ വെള്ളം കയറുകയും 462 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്തിൽ 466, കല്ലൂപ്പാറയിൽ 281,മല്ലപ്പള്ളിയിൽ 323,പുറമറ്റത്ത് 281ആനിക്കാട് 182 എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലെ കണക്കുകൾ. ഇതിൽ 462 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നാലരക്കോടിയുടെ നഷ്ടമുണ്ടായി. മല്ലപ്പള്ളിയിൽ വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടവും വ്യത്യസ്തമല്ല. 350തോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ഇതിൽ വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം മാത്രം ഏഴു കോടിക്ക് അടുത്താണ്. കൂടാതെ പുറമറ്റം കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള കോമളം പാലത്തിന്റെ സമീപ പാത ശക്തമായ ഒഴുക്കിൽ തകർന്നു. അപ്രോച്ച് റോഡിന്റെ 25 മീറ്ററോളം പാതയും കരയും ഒലിച്ചുപോയി. മണിമല -കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടൂർക്കടവിലെ മുണ്ടോലിക്കാവ് പാലത്തിനോട് ചേർന്നുള്ള തീരമിടിഞ്ഞതും,കോട്ടാങ്ങൽ മുതൽ പുറമറ്റം വരെ ഓരോ പ്രളയത്തിനും ഒഴുകിയെത്തുന്ന വലിയ തടികളും മരങ്ങളും മാലിന്യവും വൻതോതിലാണ് എത്തുന്നത് തീരങ്ങൾ ഇടിയുന്നത് കാരണമായത്.സമാനമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് താലൂക്കിലെ കഴിഞ്ഞ പ്രളയത്തിന്റെ നടുക്കത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണെന്ന് തീരദേശവാസികളും , വ്യാപാരികളും , കർഷകരും ഒരെ സ്വരത്തിൽ പറയുന്നുണ്ടെങ്കിലും ജലനിരപ്പ് താഴുന്നത് ആശങ്ക ഒഴിവാക്കുന്നു.