
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസുകൾ ഒാടാനുള്ള ഡീസൽ സ്റ്റോക്ക് ജില്ലയിൽ നാളെ തീരും. വൻ കുടിശിക വരുത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകുന്നത് എണ്ണക്കമ്പനികൾ നിറുത്തിവച്ചതോടെ സർവീസുകൾ പ്രതിസന്ധിയിലായി. മറ്റു ജില്ലകളിൽ ഡീസൽ തീർന്നതിനെ തുടർന്ന് 25 മുതൽ 50 ശതമാനം വരെ സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഡീസൽ നാളെ എത്തിയില്ലെങ്കിൽ ജില്ലയിലെ സർവീസുകൾ പകുതിയോളം കുറയ്ക്കേണ്ടി വരും. അടൂർ, തിരുവല്ല, പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോകളിലാണ് പമ്പുകൾ ഉള്ളത്. ഡീസൽ ക്ഷാമം ബാധിക്കുന്നത് ഒാർഡിനറി, ചെയിൻ സർവീസുകളെയാണ്. യാത്രക്കാർ കുറവായ സർവീസുകളാണ് ആദ്യം റദ്ദാക്കുക. കെ.എസ്.ആർ.ടി.സി മാത്രമുള്ള റൂട്ടുകളിൽ സർവീസ് റദ്ദാക്കുന്നത് യാത്രാ ക്ളേശമുണ്ടാക്കും.
സമീപ ജില്ലകളിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് ഒാർഡിനറി, ചെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. കൊട്ടാരക്കര ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് ചില സർവീസുകൾ റദ്ദാക്കിയതിനാൽ അടൂർ, പന്തളം റൂട്ടിലേക്കുളള യാത്രക്കാർ ബുദ്ധിമുട്ടി. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്ന യാത്രക്കാർ ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ നിറുത്തിയില്ല.
സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾക്ക് പത്തനംതിട്ട, അടൂർ, തിരുവല്ല ഡിപ്പോകളിലെ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കേണ്ടി വന്നാൽ പ്രതിസന്ധി രൂക്ഷമാകും.
അടുത്ത ദിവസങ്ങളിൽ ഡീസൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
അടൂർ, തിരുവല്ല, പത്തനംതിട്ട ഡിപ്പോകളിലെ ഡീസൽ നാളെ തീരും