അടൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനാസ്ഥ കാരണം അടൂർ പാർത്ഥസാരഥി ക്ഷേത്ര സദ്യാലയവും അതിനോട് ചേർന്ന ഒരേക്കറിലധികം വരുന്ന സ്ഥലവും കാടുമൂടി കിടക്കുന്നു. സദ്യാലയം പൂർണമായും നാശാവസ്ഥയിലായി. അടൂർ നഗരഹൃദയിലെ ഒരേക്കറിലധികം വരുന്ന സ്ഥലമാണ് ആർക്കും പ്രയോജനമില്ലാതെ കാടുമൂടി കിടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച സദ്യാലയം വേണ്ട സംരക്ഷണമില്ലാതായതോടെ ഉപയോഗ ശൂന്യമായി. ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇൗ സദ്യാലയം വേണ്ടവിധത്തിൽ സംരക്ഷിച്ചിരുന്നെങ്കിൽ നൂറ് കണക്കിന് സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ ചെലവിൽ വിവാഹം നടത്താൻ കഴിയുമായിരുന്നു. സദ്യാലയത്തിന്റെ ഭിത്തികൾ വിണ്ടുകീറി , ജനലുകളും വാതിലുകളും പൊളിഞ്ഞ് ഇളകി മാറിയ നിലയിലാണ്. ഇലക്ട്രിക്ക് വയറുകൾ പൂർണമായി നശിച്ച് ഭിത്തിയിൽ നിന്നും അടർന്നു മാറി.മേൽക്കൂരയുടെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി മഴ വെള്ളം സദ്യാലയത്തിനുള്ളിൽ വീഴുന്നതുവഴി കെട്ടിടത്തിന് ബലക്ഷയവുമുണ്ട്. ഫാനുകൾ പൂർണമായും തുരുമ്പിച്ച് താഴെ വീഴാറായ നിലയിലാണ്. കസേര, ഡസ്ക്ക് , ബഞ്ച് എന്നിവകളും നശിച്ചു. അടുക്കളയും, ഇതിനോട് ചേർന്നുള്ള വാട്ടർടാങ്കും പൂർണമായും കാടു മൂടി. സദ്യാലയത്തോട് ചേർന്ന ശൗചാലയവും കുളിമുറിയും ഉപയോഗ്യശൂന്യമായതിനൊപ്പം പുറത്തുള്ള പൈപ്പുകളും നശിച്ചു. സദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ ഒരേക്കറോളം വരുന്ന മൈതാനവും പൂർണമായി കാടുമൂടിയതോടെ ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി. ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇവിടം തുറന്ന് കൊടുത്താൽ പാർത്ഥസാരഥി ക്ഷേത്രറോഡിലെ ഗതാഗതക്കുരുക്കിന് ശമനമാകും.
പേ ആൻഡ് പാർക്കിംഗിനായി ഏറ്റെടുക്കാൻ ആലോചന
കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത ഉപദേശക സമിതി ഇവിടം പേ ആൻഡ് പാർക്കിനായി ഏറ്റെടുക്കുന്നതിനേക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ഇതുവഴി ദേവസ്വം ബോർഡിന് പ്രതിമാസം നിശ്ചിത തുക ലഭിക്കുന്നതിനൊപ്പം നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിനും ശാശ്വത പരിഹാരമാകും. നഗരത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് നഗരത്തിലെ ഗതാഗതകുരുക്കിന് പൂർണമായും വഴിവയ്ക്കുന്നത്. ഇൗ സ്ഥലം ഉത്സവകാലം ഒഴിച്ച് ബാക്കിയുള്ള സമയങ്ങളിൽ പാർക്കിംഗിന് ഉപയോഗിച്ചാൽ ഇന്നത്തെ ഗുരുതരമായ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനൊപ്പം ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും ഏറെ സഹായകരമാകും.