ഇലവുംതിട്ട: നിരവധി മോഷണ കേസുകളിലെ പ്രതികളെ ഇലവുംതിട്ട പൊലീസ് പിടികൂടി. കൊല്ലം ഇലമ്പള്ളൂർ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം മുടിമുക്ക് കൈലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഫി (24), കൊല്ലം താഴത്തുതല ഉമയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 11ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണിൽ മേലേമുറി വീട്ടിൽ മനോർമണിയമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണമാല ബൈക്കിൽ വന്ന പ്രതികൾ കവരുകയായിരുന്നു.
അടൂർ, പത്തനാപുരം ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതികളാണ് ഇവർ. ഇലവുംതിട്ട ഇൻസ്‌പെക്ടർ ദീപു, എസ്.ഐ വിഷ്ണു, എസ്.സി.പി ഓമാരായ സന്തോഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ റിമാൻഡ് ചെയ്തു.