ചെങ്ങന്നൂർ: മഴ കുറഞ്ഞിട്ടും കിഴക്കൻ വെള്ളത്തിന്റെ വരവിൽ ചെങ്ങന്നൂർ താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താലൂക്കിൽ തിരുവൻവണ്ടൂർ, ചെങ്ങന്നൂർ, മുളക്കുഴ, മാന്നാർ, എണ്ണയ്ക്കാട്, കുരട്ടിശേരി, പാണ്ടനാട്, വെണ്മണി, ചെറിയനാട് വില്ലേജുകളിലായി 21 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 157 കുടുംബങ്ങളിലെ 523 ആളുകളാണ് ക്യാമ്പിലുളളത്. ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, വെണ്മണി മേഖലകളിലെ വീടുകളിലാണ് കഴിഞ്ഞ ദിവസം വെള്ളം കയറിയത്. വരട്ടാറിനു കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ചതിനെ തുടർന്ന് നിർമ്മിച്ച താത്കാലിക പാലം ഇന്നലെ രാവിലെ ഒലിച്ചുപോയി. മഴവെളളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന മരക്കൊമ്പുകളും മരങ്ങളും വന്നിടിച്ച് പാലം അപകടാവസ്ഥയിലായിരുന്നു. രണ്ട് ദിവസം മുൻപ് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പ്പൈപ്പും ഒലിച്ചുപോയി. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം സജ്ജമാക്കി. താഴ്ന്ന പ്രദേശമായ നന്നാട്ടിൽ ഏറിയ ഭാഗവും ഇപ്പോൾ വെള്ളം കയറിക്കിടക്കുകയാണ്. ഇതോടെ നന്നാട് പ്രദേശം ഒറ്റപ്പെട്ട നിലയിലായി. അച്ചൻകോവിലാറിന്റെ തീരത്തുളള വെണ്മണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലും വെളളം കയറി.