
ചിറ്റാർ : മഴയിൽ കുടുന്നപൊട്ടി വയ്യാറ്റുപുഴ- തേരകത്തും മണ്ണ് റോഡ് തകർന്നു. വയ്യാറ്റുപുഴ തേരകത്തും മണ്ണ് ഏഴേക്കർ ശശിയുടെ വീടിന് സമീപത്തായാണ് കുടുന്ന പൊട്ടിയത്. വലിയ കുഴിയാണ് രൂപപ്പെട്ടത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമായിരുന്നില്ല. വലിയ പാറക്കഷണങ്ങളിട്ട് നാട്ടുകാർ റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. നേരത്തെ ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കുടുന്നപൊട്ടി മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
മലവെള്ളപ്പാചിലിൽ വയ്യാറ്റുപുഴ പുളയൻപാറ കോയിക്കൽ ജോബിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു.
ശക്തമായ മഴ പെയ്യുന്നില്ലെങ്കിലും മഴ പൂർണമായും ശമിക്കാത്തതിൽ നാട്ടുകാർ ഭീതിയിലാണ്. ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോട് മഴ ശക്തമായാൽ ക്യാമ്പുകളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് സീതത്തോട് മുണ്ടൻപാറ പ്ലാത്താനത് ജോണിന്റെ വീടിന് സമീപം മുണ്ടൻപാറ ഗുരുനാഥൻ മണ്ണ് റോഡ് വിണ്ടുകീറിയിരുന്നു.
ഇവിടെയുള്ളവരോടും മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.