 
ചെങ്ങന്നൂർ : ശ്രീനാരായണ ഗുരുദേവദർശനങ്ങൾ സ്വീകരിക്കാൻ തയ്യാറായാൽ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും നോവലിസ്റ്റുമായ ബെന്യാമിൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73-ാം കാരയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദർശനങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് ശ്രീനാരായണ ഗുരു സാമൂഹ്യ പരിഷ്കരണം നടപ്പിലാക്കിയത്. ഗുരുവിന്റെ ദർശനങ്ങൾ വളരെ കുറച്ചു മാത്രമാണ് ഭാരതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞത്. മനുഷ്യന്റെ പുരോഗതിക്ക് അറിവിന്റെ പ്രാധാന്യത്തെപ്പറ്റി എപ്പാേഴും ഗുരു ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം ശിഷ്യന്മാരെ ജ്ഞാന സമ്പാദനത്തിനായി വിവിധ പ്രദേശങ്ങളിലേക്ക് അയച്ചിരുന്നതായും ജാതീയത കൊടുകുത്തി വാണിരുന്ന നാട്ടിലെ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഗുരുവാണെന്നും ബെന്യാമിൻ പറഞ്ഞു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീനാഅനിൽ, വനിതാസംഘം കോ - ഓർഡിനേറ്റർ ശ്രീകലാ സന്തോഷ്, കമ്മിറ്റി അംഗം സൗദാമിനി, യൂണിയൻ ധർമ്മസേന കോഓർഡിനേറ്റർ വി.ജിൻരാജ്, യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, ജോയിന്റ് സെക്രട്ടറി അരുണിമ രാമകൃഷ്ണൻ, വൈദികയോഗം പ്രസിഡന്റ് സൈജു പി.സോമൻ, ശാഖാ പ്രസിഡന്റ് എൻ.ഗോപിനാഥനുണ്ണി, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.വാമദേവൻ, ശാഖാ സെക്രട്ടറി ടി.എൻ.സുധാകരൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് ജലജ, സെക്രട്ടറി സുശീല, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആഭിരാം, സെക്രട്ടറി കുമാരി കരിഷ്മ ഷാജി എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും കൺവെൻഷൻ ജനറൽ കൺവീനർ സുജിത് ബാബു കൃതജ്ഞതയും പറഞ്ഞു. തുടർന്ന് വൈകിട്ട് വൈക്കം മുരളി ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ഇന്ന് വൈകിട്ട് 4ന് ദൈവദശകം ഒരു പഠനം എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂരും സമാപനദിവസമായ 8ന് വൈകിട്ട് 4ന് ഗുരുദർശനം കുടുംബബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങൾ. സമാപനദിനമായ തിങ്കളാഴ്ച നാടകവും കലാപരിപാടികളും നടക്കും.