
പത്തനംതിട്ട : ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലും ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇതുവരെ ആറ് റൂട്ടുകളിലെ ഓർഡിനറി സർവീസുകൾ റദ്ദാക്കി. ഇന്ന് ഓർഡിനറി സർവീസ് നടത്തില്ല. ഓർഡിനറി സർവീസ് വെട്ടിക്കുറച്ച് ലാഭിക്കുന്ന ഇന്ധനം അടുത്ത ദിവസം സൂപ്പർ ഫാസ്റ്റ് ബസുകൾ സർവീസ് നടത്താൻ ഉപയോഗിക്കണമെന്നാണ് നിർദേശം.
ജില്ലയിൽ ഓർഡിനറി സർവീസുകൾ പൂർണമായും സർവീസ് നിലച്ച സ്ഥിതിയിലാണിപ്പോൾ. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള പുനലൂർ , മുണ്ടക്കയം , കോട്ടയം , ആങ്ങമൂഴി , ഗവി, ചെങ്ങന്നൂർ തുടങ്ങിയ റൂട്ടുകളിലെ സർവീസുകളാണ് മുടങ്ങിയത്. ചില ഷെഡ്യൂളുകളുടെ വരുമാനം കുറഞ്ഞ ട്രിപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. വരുമാനമുള്ള ഫാസ്റ്റ് , സൂപ്പർ ഫാസ്റ്റ് , സ്വിഫ്റ്റ് സർവീസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഇന്നും പ്രതിസന്ധി തുടരാനാണ് സാദ്ധ്യത. ജില്ലയിലെ മറ്റ് ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമാണ്. കുടിശിക തീർക്കാതെ ഡീസൽ നൽകില്ലെന്ന് എണ്ണ കമ്പിനികൾ നിർബന്ധം പിടിച്ചതോടെയാണ് കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലായത്.
അടൂർ ഡിപ്പോയിലെ മൂന്ന് ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ 13 സർവീസുകൾ ഇന്നലെ അയച്ചില്ല. കൂട്ടാർ, ആലുവ, ആനയടി വഴിയുള്ള തിരുവനന്തപുരം എന്നീ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളും ഗ്രാമീണമേഖലളെ ബന്ധപ്പെടുത്തികൊണ്ടുള്ള 10 ഓർഡിനറി സർവീസുകളുമാണ് അയയ്ക്കാതിരുന്നത്. ഡീസൽ ക്ഷാമം തുടർന്നാൽ ഇന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരും.
പത്തംനതിട്ട ഡിപ്പോയിലെ
27 ഓർഡിനറി സർവീസുകളിൽ ആറെണ്ണം മുടങ്ങി.
അടൂർ ഡിപ്പോയിലെ 13 സർവീസുകൾ മുടങ്ങി.
കോന്നി ഡിപ്പോയിലെ നാല് സർവീസുകൾ മുടങ്ങി