പത്തനംതിട്ട : മലങ്കര ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനം 14 ന് ഉച്ചയ്ക്ക് 1ന് വാഴമുട്ടം ഈസ്റ്റ് മാർ ബർസൗമ ഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികത്തോടനുബന്ധിച്ചുള്ള പതാക ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1ന് കോന്നി സെന്റ് ജോർജ് മഹാ ഇടവകയിൽ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയിൽ എത്തിച്ചേരും. ഭദ്രാസന സെക്രട്ടറി റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ ഫ്ലാഗ് ഓഫ് ചെയ്യും. വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ പതാക ഉയർത്തും. വാർഷികത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം ഭദ്രാസനത്തിലെ വിവിധ ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം നടത്തും. 10ന് കുമ്പഴ സെന്റ് മേരീസ് ഓർഡോക്‌സ് ദേവാലയത്തിൽ ഗാന്ധിയൻ ചിന്തകളിലെ ക്രിസ്തു ദർശനം യുവജന വീഥികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിക്കും. അഖില മലങ്കര അടിസ്ഥാനത്തിൽ ക്വിസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, സെൽഫി കോണ്ടെസ്റ്റ് ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. 14ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കുറിയാക്കോസ് മാർ ക്ലിമീസ് മെത്രപ്പോലീത്ത അദ്ധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നിയുക്ത മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ തേയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എബി ടി.സാമുവൽ, ജനറൽ സെക്രട്ടറി എം.ജെ.രഞ്ചു , ജോയിന്റ് സെക്രട്ടറി സുജിൻ ഉമ്മൻ, നിതിൻ മണക്കാട്ടു മണ്ണിൽ , അജിൽ ഡേവിഡ്, ജെറിൻ ജോയ്‌സ്, ലിബിൻ തങ്കച്ചൻ , ജോയൽ കോശി തോമസ് എന്നിവർ പങ്കെടുത്തു.