
പത്തനംതിട്ട : ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര 9 മുതൽ 14 വരെ നടക്കും. ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിച്ച് 75 കിലോമീറ്റർ പദയാത്ര പര്യടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 9ന് ഉച്ചകഴിഞ്ഞ് 3ന് കുന്നന്താനത്ത് നിന്ന് പദയാത്ര ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം മല്ലപ്പള്ളി ടൗണിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. 10ന് റാന്നി മന്ദമരുതിയിൽ നിന്ന് ആരംഭിച്ച് ചുങ്കപ്പാറയിൽ സമാപിക്കും. 12 ന് പന്തളം ടൗണിൽ നിന്ന് ആരംഭിച്ച് അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിക്കും. 13ന് ഇരവിപേരൂരിൽ നിന്ന് ആരംഭിച്ച് പത്തനംതിട്ട ടൗണിലും 14ന് കോന്നി ടൗണിൽ നിന്ന് ആരംഭിച്ച് മൈലപ്രാ ടൗണിലും സമാപിക്കും . പദയാത്രയിൽ സ്ഥിരം പദയാത്ര അംഗങ്ങളെക്കൂടാതെ ജില്ലയിലെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ , ഡി.സി.സി അംഗങ്ങൾ , കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് പ്രസിഡന്റുമാർ, ഭാരവാഹികൾ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ഭാരവാഹികൾ, കോൺഗ്രസ് ജനപ്രതിനിധികൾ, സഹകരണ സംഘം പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
സ്വാതന്ത്ര്യസമര ചരിത്രവും കോൺഗ്രസിന്റെ ഭരണനേട്ടങ്ങളും ജന മനസുകളിൽ എത്തിക്കുന്നതിനായിട്ടാണ് ആസാദി കാ ഗൗരവ് പദയാത്ര നടത്തുന്നത്. 15ന് ജില്ലാകോൺഗ്രസ് കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം, കമ്മിറ്റികൾ, പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും. വാർത്താസമ്മേളനത്തിൽ ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, വെട്ടൂർജ്യോതി പ്രസാദ്, സജി കൊട്ടയ്ക്കാട് എന്നിവരും പങ്കെടുത്തു.