കോന്നി: താലൂക്ക് വികസന സമിതിയോഗത്തിൽ മതിയായ കസേരകളില്ലാത്തതിന് ഉദ്യോഗസ്ഥരെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ശകാരിച്ചു. യോഗം തുടങ്ങിക്കഴിഞ്ഞെത്തിയ പല ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഇരിപ്പടം ലഭിച്ചിരുന്നില്ല. കോന്നി -ചന്ദനപ്പള്ളി റോഡിലെ കൈയേറ്റം, ചെങ്ങറ പോളച്ചിറക്കൽ റോഡ്, പേരൂർകുളത്തെ ഭൂമി നികത്തൽ, പോത്തുപാറയിലെയും കല്ലേലിയിലെയും കോന്നി ടൗണിലെയും മാലിന്യ പ്രശ്നങ്ങൾ, അട്ടച്ചാക്കൽ ക്രഷർ യൂണിറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ പരിഹരിക്കുന്നതിന് സ്ഥലങ്ങൾ സന്ദർശിച്ചു നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. മലയാലപ്പുഴ പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന കടവുപുഴ പാലം പുനർ നിർമ്മിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പ് 15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് എടുത്തതായി മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട തുടങ്ങേണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ടി.വി. പുഷപവല്ലി അറിയിച്ചു. കെ.എസ്.ടി .പി യുടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ടൗണിൽ മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംലാൽ ആവശ്യപ്പെട്ടു. കോന്നി തഹസിദാർ രാംദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.