തിരുവല്ല: മഴ കുറഞ്ഞതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. അതേസമയം അപ്പർകുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ കാമ്പുകൾ കൂടി തുറന്നു. നിലവിൽ 56 ക്യാമ്പുകളിലായി 686 കുടുംബങ്ങളിലെ 2234 പേർ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുകയാണ്. വെള്ളമിറങ്ങി തുടങ്ങിയ പ്രദേശങ്ങളിൽ ശുചീകരണ ജോലികൾ ആരംഭിച്ചു. ഉരുൾപൊട്ടി ഒഴുകിയെത്തിയ ചെളിവെള്ളം പലഭാഗങ്ങളിലും കുമിഞ്ഞുകൂടിയിട്ടുണ്ട്. റോഡുകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം ഇറങ്ങിയതോടെ കെ.എസ്.ആർ.ടി.സി നിറുത്തിവച്ചിരുന്ന ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.