ചെങ്ങന്നൂർ: മഴ മാറിനിന്നെങ്കിലും പ്രളയ ഭീതി നിലനിൽക്കുന്ന ചെങ്ങന്നൂരിൽ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സന്ദർശനം നടത്തി. ചെങ്ങന്നൂർ താലൂക്കിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ ആർക്കോണത്ത് നിന്നുള്ള 9 അംഗ സംഘം ഇവിടെ എത്തിയത്. പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂർ നഗരസഭാ പ്രദേശം, പാണ്ടനാട്, മുളക്കുഴ, തിരുവൻവണ്ടൂർ, ബുധനൂർ, എണ്ണയ്ക്കാട്, ചെന്നിത്തല, മാന്നാർ തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. എൻ.ഡി.ആർ.ഫ് സബ് ഇൻസ്‌പെക്ടർ ജഗന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളപ്പൊക്ക സാദ്ധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. മഴ മാറിയെങ്കിലും ഇന്നലെയും ക്യാമ്പുകളുടെ എണ്ണം വർദ്ധിച്ചു. ജലനിരപ്പ് ഉയർന്നതോടെ ബന്ധുവീടുകളിലേക്ക് മാറിയവർ ഇന്നലെ മടങ്ങിയെത്തിയെങ്കിലും വീടുകളിൽ നിന്നും വെളളം ഒഴിയാത്തതുകാരണം ഇവർ ക്യാമ്പുകളിലേക്ക് മാറി. താലൂക്കിൽ 22 ക്യാമ്പുകളിലായി 227 കുടുംബങ്ങളിലെ 768 പേരാണ് താമസിക്കുന്നത്. താലൂക്കിന്റെ അതിർത്തികളിലൂടെ ഒഴുകുന്ന അച്ചൻകോവിലാറ്റിലേയും പമ്പയിലേയും ജലനിരപ്പ് താഴ്ന്നതും മഴയുടെ ശക്തി കുറഞ്ഞതും ജനങ്ങൾക്ക് ആശ്വാസമായി. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിൽ കഴിയുന്നവർ.