പത്തനംതിട്ട :എഴിക്കാട് പട്ടികജാതി കോളനിക്ക് സമീപം നീർവിളാകം പുഞ്ചയിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. എഴിക്കാട് ബ്ലോക്ക് നമ്പർ 15 ൽ വിശ്വനാഥൻ ആചാരിയെ (65)ആണ് കാണാതായത്.
ഇന്നലെ പകൽ 3.30 നാണ് സംഭവം.
രണ്ടുപേർക്കൊപ്പം നീർവിളാകം പുഞ്ചയിലൂടെ കൊച്ചുവള്ളത്തിൽ പോകുമ്പോഴാണ് അപകടം.
കൂടെയുണ്ടായിരുന്ന ബ്ലോക്ക് 14 ൽ പൊന്നൻ, നീർവിളാകം മലമോടിയിൽ പ്രസാദ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടെയുള്ള പല കുടംബങ്ങളും സമീപത്തെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. നീർവിളാകം മലമോടിയിലുള്ള ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന പൊന്നൻ സുഹൃത്ത് പ്രസാദിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് എഴിക്കാട്ട് എത്തിയിരുന്നു. അവിടെനിന്ന് ഭക്ഷണംകഴിച്ച് തിരികെപ്പോകാൻ തുടങ്ങിയപ്പോൾ വിശ്വനാഥനും വള്ളത്തിൽ കയറി. രണ്ടിലധികം പേർക്ക് യാത്രചെയ്യാനാവാത്ത ചെറിയ വള്ളമായതിനാൽ പൊന്നൻ എതിർത്തെങ്കിലും വിശ്വനാഥൻ പിൻമാറിയില്ല.
യാത്രയ്ക്കിടെ കാറ്റിലും ഓളത്തിലും നിലതെറ്റി വള്ളംമറിഞ്ഞ് മൂവരും വെള്ളത്തിൽ വീഴുകയായിരുന്നു.
ആറൻമുള പൊലീസ് ഇൻസ്പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും തെരച്ചിൽ നടത്തിയെങ്കിലും വിശ്വനാഥൻ ആചാരിയെ കണ്ടെത്താനായില്ല.
ഏഴീക്കാട് വർക്ക് ഷോപ്പ് നടത്തുന്ന വിശ്വനാഥൻ ആചാരി ചെങ്ങന്നൂർ പെണ്ണുക്കരയിലാണ് താമസം. ഭാര്യ. സരസ്വതി. മക്കൾ. സരിത, സവിത.