 
അടൂർ : നടപ്പാതയിലേക്കും കാത്തിരിപ്പുകേന്ദ്രത്തിലേക്കും ചാഞ്ഞ് കിടക്കുന്ന വൃക്ഷശിഖരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. അടൂർ ഹൈസ്കൂൾ ജംഗ്‌ഷനിൽ എം.സി റോഡിൽ പന്തളത്തിന് തിരിയുന്ന ഭാഗത്ത് റോഡിന് പടിഞ്ഞാറ് വശത്താണ് കാത്തിരിപ്പുകേന്ദ്രത്തിലേക്കും നടപ്പാതയിലേക്കുമായി നിരവധി വൃക്ഷ ശിഖിരങ്ങൾ ചാഞ്ഞ് കിടക്കുന്നത്. അടൂർ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിൽക്കുന്ന വൃക്ഷങ്ങളാണിത്. വളരെയേറെ തിരക്കുള്ള ഇവിടെ നൂറ് കണക്കിന് ആളുകളാണ് നടപ്പാത ഉപയോഗിക്കുന്നത്. ചെറുകിട കച്ചവടക്കാരുണ്ട്. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ എപ്പോഴും കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടാകും. കാറ്റും മഴയും ശക്തിപ്രാപിച്ചതോടെ യാത്രക്കാർ ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്. അപകടകരമായ രീതിയിലുള്ള വൃക്ഷശിഖിരങ്ങൾ മുറിച്ച് മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.