പത്തനംതിട്ട : പഴയ ബസ് സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ രാത്രിയാണ് സംഭവം. ജെം ടെയിലേഴ്‌സ്, ഗുരുവായൂർ പർപ്പടക സ്റ്റോർ, ആദം ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളിലെ പൂട്ട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. തയ്ക്കാൻ സൂക്ഷിച്ചിരുന്ന തുണികളും പർപ്പടക കടയിൽ നിന്ന് 5000 രൂപയും മോഷ്ടിച്ചു. ആദം ട്രേഡിംഗ് അടിച്ച് തകർത്ത് താഴ് പൊട്ടിച്ച നിലയിലാണ്. കടകൾ അടച്ചു കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുകയും സി.സി.ടി.വി കാമറ സ്ഥാപിക്കുകയും കേടായ തെരുവ് വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഹസീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗീവർഗീസ് പാപ്പി, ജില്ലാ ട്രഷറാർ ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഷിബു ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.
രാത്രികാല പട്രോളിംഗ്
ശക്തിപ്പെടുത്തണമെന്ന് വ്യാപാരികൾ