അടൂർ: ആശാ വർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.രാജ്യത്ത് പണിയെടുക്കുന്ന 10 ലക്ഷത്തോളം വരുന്ന ആശമാർ വളരെ ചെറിയ വരുമാനം കൈപ്പറ്റിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണിയെടുക്കുന്നവരാണ് ആശമാർ.തൊഴിലാളികൾ എന്ന പരിഗണന നൽകി മിനിമം വേതനവും പെൻഷൻ, പി എഫ്, ഇൻക്രിമെന്റ് ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും 26,000 രൂപ മിനിമം വേതനവും 10,000 രൂപ കൊവിഡ് അലവൻസും മുൻകാല പ്രാബല്യത്തോടെ ലഭ്യമാക്കണമെന്നും രണ്ട് ദിവസമായി അടൂരിൽ നടന്നുവന്ന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യവ്യാപകമായി ആചരിക്കുന്ന സാഹചര്യത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ദേശീയ പ്രസ്ഥാനത്തിൽ ഒരു പങ്കും വഹിക്കാതെ ചരിത്രത്തെ വളച്ചൊടിക്കുന്ന നടപടിയിൽ സമ്മേളനം പ്രതിഷേധിച്ചു. വിലക്കയറ്റത്തിന് കാരണമാകുന്ന എല്ലാ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതികൂല കാലാവസ്ഥയും വിവിധ സ്ഥലങ്ങളിലെ പ്രളയവും കണക്കിലെടുത്ത് സമാപനത്തിന് മുന്നോടിയായുള്ള പ്രകടനവും കെ.എസ്.ആർ.ടി.സി കോർണറിൽ നടത്താനിരുന്ന സമാപന സമ്മേളനവും ഒഴിവാക്കി.