പന്തളം: പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ രാജിയും നഗരസഭാദ്ധ്യക്ഷയുടെ ആരോപണങ്ങളിൽ അന്വേഷണവും ആവശ്യപ്പെട്ട് യു.ഡി.എഫ് സമര പരിപാടികൾ ആരംഭിക്കുമെന്നു നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 10ന് നഗരസഭാ കാര്യാലയത്തിനു സമീപം യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന ഉപവാസത്തോടെയാണ് സമരത്തിന് തുടക്കം കുറിക്കുക. രാവിലെ 10ന് നഗരസഭയിലെ 33 വാർഡുകളിലും വാഹനജാഥ നടത്തി നഗരസഭയിൽ നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കും.11ന് യു.ഡി.എഫിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. നഗരസഭാദ്ധ്യക്ഷ രാജിവയ്ക്കും വരെ സമരം തുടരും.നഗരസഭാദ്ധ്യക്ഷയുടെ ആരോപണങ്ങളേക്കുറിച്ചും അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് യു.ഡി.എഫ് പരാതി നല്കുമെന്നു നേതാക്കൾ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ്, ഡി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, ഡി.സി.സി അംഗം പന്തളം മഹേഷ്, യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ.നൗഷാദ് റാവുത്തർ, പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഷാജഹാൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോൺ തുണ്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.