തിരുവല്ല: ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധന പ്രഹസനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സി.പി.എമ്മിന്റെ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന മിന്നൽ പരിശോധനയിൽ എം.എൽ.എയെ പോലും ഉൾപ്പെടുത്തിയില്ല. കഴിഞ്ഞകാലത്ത വികസന കാര്യങ്ങളിൽ ഒട്ടനവധി അപേക്ഷകളും പരാതികളും നിർദ്ദേശങ്ങളും ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാത്ത മന്ത്രി തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിൽ ആവശ്യമായ ജോലിക്കാരില്ല. വിവിധ പരിശോധനകൾക്ക് ആവശ്യമായ ഡോക്ടർമാർ ഇല്ല. ഇക്കാര്യങ്ങളിൽ നിരന്തരം അപേക്ഷ നൽകിയിട്ടുള്ളതാണ്. മരുന്നുകളുടെ അഭാവവും രോഗികൾക്ക് കിടക്കുന്നതിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും പുതിയ കെട്ടിടം പണിതിട്ട് അവിടെ മറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങിക്കുകയോ മറിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ മന്ത്രി മുൻകൈ എടുക്കാതെ ഇപ്പോൾ നടത്തിയ മിന്നൽ പരിശോധനയിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. മന്ത്രിയുടെ മിന്നൽ പരിശോധനയ്ക്ക് മുൻപ് തന്നെ ആശുപത്രി സൂപ്രണ്ടിനെ ചെങ്ങന്നൂർ താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുള്ളതാണ്. ഹോസ്പിറ്റലിലെ വികസന കാര്യങ്ങളിൽ മന്ത്രി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരപരിപാടി സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.