 
ചെങ്ങന്നൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കടപുഴകി വൈദ്യുതി കമ്പിയിൽ വീണമരം വെട്ടിമാറ്റാത്തത് മൂന്ന് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. തിരുവൻവണ്ടൂർ നന്നാട് കോട്ടയത്ത് കാവിനു സമീപം പ്രേംകുമാർ താമരശേരിൽ, ശശിധരൻ ഇടയാടിപ്പറമ്പിൽ, ഗോപാലകൃഷ്ണപിള്ള കൊച്ചു കളീയ്ക്കൽ എന്നീ കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഈ ഭാഗത്ത് വരട്ടാറിന് മറുകരയിലുളള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പുളിമരം കടപുഴകി ഇക്കരെ ഭാഗത്തെ വൈദ്യുതി കമ്പിയിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പോസ്റ്റുകൾ ചരിഞ്ഞു. കമ്പികൾ വെള്ളത്തിൽ മുട്ടിയാണ് നിന്നിരുന്നത്. ഇതോടെ വൈദ്യുതി ബന്ധം രാത്രിതന്നെ വിശ്ചേദിച്ചു. ബുധനാഴ്ച ആറ്റിൽ വെള്ളം ഉയർന്നതോടെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതികമ്പികൾ മുറിച്ചു മാറ്റി. മരം മുറിച്ചുമാറ്റാതെ വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചശേഷം ഇവർ മടങ്ങി. മരത്തിന്റെ ഉടമസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും ഇവരും മരം മുറിച്ചുമാറ്റാൻ തയാറാകുന്നില്ല.
രണ്ടു ദിവസത്തിനുശേഷം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിതാത്ക്കാലികമായി സർവീസ് ലൈൻ വലിച്ച് വൈദ്യുതി ലഭ്യമാക്കി. കടപുഴകിയ മരം വീടിനുമുകളിലേക്കാണ് ചരിഞ്ഞു നിൽക്കുന്നത്. ഇതോടെ ഈ കുടുംബം ഭയന്ന് ബന്ധുവീട്ടിലേക്ക് മാറി. രണ്ടാഴ്ച മുൻപും ഇത്തരത്തിൽ മരം കടപുഴകിവീണത് വീട്ടുകാരാണ് മുറിച്ചുമാറ്റിയത്. അപകടാവസ്ഥയിലായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കാൻ തയാറാകാത്തതാണ് ഇത്തരം ദുരിതങ്ങൾക്ക് കാരണം. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.