പത്തനംതിട്ട: എൽ.ഡി.എഫ് ജില്ലാ കമ്മറ്റി കൂടുമ്പോൾ കാര്യമായി ചർച്ചകൾ നടത്താറില്ലെന്ന് സി.പി.എെ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. രാഷ്ട്രീയ നേതൃത്വമായി എൽ.ഡി.എഫ് ജില്ലാ കമ്മി​റ്റിക്ക് ഉയർന്നുവരാൻ സാധിക്കുന്നില്ല. മുഖ്യ പാർട്ടിയായ സി.പി.എമ്മിന് പ്രശ്നങ്ങളോടുള്ള സമീപനമാണ് ചർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. സംസ്ഥാന കമ്മി​റ്റി ആഹ്വാനം ചെയ്യുന്ന പരിപാടികൾ നടത്താനുള്ള വേദികൾ മാത്രമായി എൽ.ഡി.എഫ് സംവിധാനം ചുരുങ്ങി. സഹകരണ മേഖലയിലെ പ്രശ്നങ്ങളും ജില്ലയിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വികസന താൽപ്പര്യങ്ങളും ചർച്ച ചെയ്തു വേണ്ട പരിഹാരങ്ങൾ കണ്ടെത്തുന്നില്ല.

അങ്ങാടിക്കൽ സംഘർഷം സി.പി.എമ്മിന് തലവേദനയായി

അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എെയുമായി സംഘർഷമുണ്ടാക്കിയത് സി.പി.എമ്മിന് തലവേദനയായി മാറി. തിരഞ്ഞെടുപ്പിൽ സി.പി.എെയ്ക്ക് ഒരു സീറ്റുപോലും തരാൻ സി.പി.എം തയ്യാറായില്ല. ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച സി.പി.എെയുടെ ഇലക്ഷൻ കമ്മി​റ്റി ഒാഫീസ് ആക്രമിക്കാൻ വന്ന സി.പി.എം, ഡി.വൈ.എഫ്.എെ പ്രവർത്തകരെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞു. പ്രശ്നത്തിൽ ജില്ലാ സെക്രട്ടറി എ.പി.ജയൻ എടുത്ത ദീർഘവീക്ഷണത്തോടുകൂടിയ നിലപാട് വലിയ വിജയമുണ്ടാക്കി. സി.പി.എെ ദുർബലമായിരുന്ന അങ്ങാടിക്കൽ പ്രദേശത്ത് ബ്രാഞ്ചുകളുടെ എണ്ണം മൂന്നിൽ നിന്ന് എട്ടായി. ധാരളം സി.പി.എം പ്രവർത്തകർ സി.പി.എെയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.