 
അടൂർ: കായംകുളം - പത്തനാപുരം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ പാതയരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി വീട് ഭാഗീകമായി തകർന്നു. കാർ യാത്രക്കാർക്ക് പരിക്കേറ്റു. കൂടൽ എസ്.ഐ. രജിത് കുമാർ (50), ബന്ധുക്കളായ അൽക്ക (60), പൊടിയമ്മ (80) എന്നിവർക്കാണ് പരിക്കേറ്റത്. രജിത് കുമാറിനെയും അൽക്കയെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പൊടിയമ്മയെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. മരുതിമൂട് ചക്കാലപ്പടിയിൽ സെന്റ് മേരീസ് കത്തോലിക്ക പള്ളിക്കു സമീപം തെങ്ങുംതറയിൽ ഏലിയാമ്മ തോമസിന്റെ വീട്ടിലേക്കാണ് മാരുതി കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തികളും മേൽക്കൂരയും തകർന്നു.