പത്തനംതിട്ട: സി.പി.എെയുടെ ജനകീയ അടിത്തറ വിപുലവും ശക്തവുമാക്കുമെന്ന് തുടർച്ചയായി മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.പി.ജയൻ കേരളകൗമുദിയോടു പറഞ്ഞു. മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത് സഖാക്കൾ നൽകിയ വലിയ അംഗീകാരമായി കാണുന്നുവെന്ന് 56കാരനായ അദ്ദേഹം പറഞ്ഞു.
? ആദ്യം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണ മത്സരമുണ്ടായി. ഇത്തവണ വീണ്ടും എതിരില്ലാതെ സെക്രട്ടറിയായി. പാർട്ടിയിൽ എ.പി.ജയൻ കൂടുതൽ ശക്തനായോ.
= അങ്ങനെ വ്യക്തിപരമായി പ്രവർത്തന നേട്ടം സി.പി.എെയിൽ ആർക്കും അവകാശപ്പെടാൻ പറ്റില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതി കൂട്ടായ പ്രവർത്തനമാണ്. അഭിപ്രായങ്ങളുള്ള പാർട്ടിയാണിത്. അതുകൊണ്ട് ചിലപ്പോൾ മത്സരം വരും. ചിലപ്പോൾ മത്സരമുണ്ടാകില്ല. പാർട്ടിയെ ശക്തമായി നയിക്കാൻ കഴിഞ്ഞുവെന്ന് പ്രവർത്തകർക്ക് ബോധ്യമായതുകൊണ്ടാണ് വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
? ഇത്തവണ മത്സരത്തിന് കളമൊരുങ്ങിയതല്ലേ.
=എെകകണ്ഠേനയാണ് തന്നെ തിരഞ്ഞെടുത്തത്. മത്സരം നടക്കുമെന്ന് പുറത്തു നടന്ന പ്രചരണങ്ങൾ അഭ്യൂഹങ്ങൾ മാത്രമാണ്.
? കഴിഞ്ഞ രണ്ടു ടേം നയിച്ചപ്പോൾ പാർട്ടിക്കുണ്ടായ വളർച്ച എങ്ങനെ
= ഏഴായിരം പുതിയ അംഗങ്ങൾ പാർട്ടിയിൽ ചേർന്നു. 450 ബ്രാഞ്ചുകൾ കൂടുതലായി രൂപീകരിച്ചു. അംഗസംഖ്യ വർദ്ധിച്ചതുകൊണ്ടാണ് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ എണ്ണം 51 ആയി ഉയർത്തിയത്. ശക്തികേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ പ്രദേശങ്ങളിലേക്ക് പാർട്ടി പ്രവർത്തനം വ്യാപിച്ചു.
? സി.പി.എമ്മുമായുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും
= സി.പി.എമ്മുമായി വലിയ പ്രശ്നങ്ങൾ ഇല്ല. ചില ഉരസലുകളുണ്ടായത് സി.പി.എെയുടെ വളർച്ച വ്യാപിച്ചപ്പോഴാണ്. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന ഒന്നും സി.പി.എെയുടെ ഭാഗത്തു നിന്നുണ്ടാവില്ല. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആരോടും വിട്ടുവീഴ്ചയില്ല.