തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച മന്ത്രി വീണാജോർജ്ജ് മിന്നൽ സന്ദർശനം നടത്തി വീഴ്ചകൾ കണ്ടെത്തിയ സംഭവം വിവാദമായതോടെ മന്ത്രിയെ അനുകൂലിച്ചും പ്രതിഷേധിച്ചും ഇന്നലെ സമരങ്ങൾ അരങ്ങേറി. ഡോക്ടർമാർമാരെ അപകീർത്തിപ്പെടുത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെയും മന്ത്രി വീണാജോർജ്ജിന്റെ നടപടികൾക്കെതിരെയും കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ കരിദിനം ആചരിച്ചു. ഒഴിവുകളിൽ നിയമനങ്ങൾ നടത്താതെയും മരുന്നുകൾ എത്തിക്കാതിരിക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പ് സമ്പൂർണ പരാജയമാണെന്ന് കരിദിനാചരണം ഉദ്ഘാടനം ചെയ്ത ഐ.എം.എ. താലൂക്ക് പ്രസിഡന്റ് ഡോ.സി.ആർ.രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ആരോഗ്യമന്ത്രി മാദ്ധ്യമശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ.ജില്ലാ പ്രസിഡന്റ് ഡോ. ബാലചന്ദർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.മാത്യു മാരേറ്റ്, ഭാരവാഹികളായ ഡോ.ദീപമോഹൻ, ഡോ.ജ്യോതീന്ദ്രൻ, ഡോ.പ്രവീൺ, ഡോ.ജീവൻ, ഡോ.അജയമോഹൻ എന്നിവർ പ്രസംഗിച്ചു.

കരിദിനം ജനങ്ങളോടുള്ള വെല്ലുവിളി
ആശുപത്രി അധികൃതരുടെ അനാസ്ഥയിലും മന്ത്രിക്കെതിരെയുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിന് മുമ്പിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിന് മുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. മിന്നൽ സന്ദർശനത്തിലൂടെ അധികൃതരുടെ വീഴ്ചകൾ കണ്ടെത്തിയ ആരോഗ്യമന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്നും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഇവർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കരിദിനം ആചരിച്ചതെന്നും ആരോഗ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കെ.ജി.എം.ഒ.എ അല്ലെന്നും അദ്ദേഹം പറഞ്ഞു.ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ ഷിനിൽ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ എം.സി.അനീഷ് കുമാർ, നേതാക്കളായ കെ.ബാലചന്ദ്രൻ, ജെനു മാത്യു, ശ്രീജിത്ത്‌ തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ സൂപ്രണ്ട് ചുമതലയേറ്റു
തിരുവല്ല താലൂക്ക് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.ബിജു നെൽസൺ ഇന്നലെ ചുമതലയേറ്റു. നിലവിലെ സൂപ്രണ്ട് ഡോ.അജയ് മോഹനൻ സ്ഥലംമാറി പോയതിനെ തുടർന്നാണ് വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന അദ്ദേഹം ചുമതലയേറ്റത്. മന്ത്രി വീണാജോർജ്ജ് സന്ദർശിച്ചപ്പോൾ ആശുപത്രിയിൽ ഇല്ലാതിരുന്ന ഏഴ് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസറും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.