പ്രമാടം : എൽ.ഡി.എഫ് ഭരിക്കുന്ന പ്രമാടം പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളുടെ മൂന്ന് വാർഡുകളിലേക്ക് മാത്രം വൈദ്യുതി ലൈൻ വലിക്കാൻ 15 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് അടച്ച സംഭവത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. 2021- 22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുമ്പഴ സെക്ഷനിൽ പണം അടച്ചത്. മറ്റ് വാർഡുകളിലും വൈദ്യുതി ലൈൻ വലിക്കേണ്ടതിനാൽ മൂന്ന് വാർഡുകളിലേക്ക് മാത്രം തുക അടയ്ക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ ഇത് സംബന്ധിച്ച ചർച്ച വന്നപ്പോഴാണ് തുക അടച്ച വിവരം പ്രതിപക്ഷം അറിയുന്നത്. ഭരണസമിതിയുടെ പക്ഷഭേദ നിലപാടിൽ യു.ഡി.എഫ് അംഗങ്ങളായ എം.കെ.മനോജ്, എം.വി.ഫിലിപ്പ്, നിഖിൽ ചെറിയാൻ, ആനന്ദവല്ലിയമ്മ, രാഖി സനൂപ്, കുഞ്ഞന്നാമ്മ, ബി.ജെ.പി അംഗങ്ങളായ കെ. ജയകൃഷ്ണൻ, വി.ശങ്കർ വെട്ടൂർ എന്നിവർ പ്രതിഷേധിച്ചു.