padmam
വീടിന്റെ ടെറസിൽ പൂവിട്ട സഹസ്രദളപത്മത്തിന് മുന്നിൽ മീനുവും സഹോദരൻ മനു തയ്യിലും

അടൂർ : രാമായണ മാസത്തിന്റെ സുകൃതമായി വീടിന്റെ മട്ടുപ്പാവിൽ ആയിരം ഇതളുള്ള താമര വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് പറക്കോട് തയ്യിൽ വീട്ടിൽ മീനു. അപൂർവമായി വിരിയുന്ന, ദേവിദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന താമരയാണ് സഹസ്രദളപത്മം. ലോക്ക് ഡോൺ സമയത്താണ് മീനു താമര കൃഷിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. വീട്ടുമുറ്റത്തെ കുളത്തിലായിരുന്നു ആദ്യമായി താമരവിത്ത് പാകിയത്. ഇവിടെ വിരിഞ്ഞ താമരപ്പൂക്കൾ വിവിധ ക്ഷേത്രങ്ങളിൽ സമർപ്പിച്ചു. തുടർന്നായിരുന്നു വീടിന്റെ ടെറസിൽ പ്ളാസ്റ്റിക് പാത്രങ്ങളിലായി വിവിധയിനം താമരകൾ വളർത്താൻ തുടങ്ങിയത്. ഇന്ന് 20ൽപ്പരം താമരകൾ നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. സഹസ്രദളപത്മത്തിന്റെ വിത്ത് യൂട്യൂബിലൂടെ കണ്ട് വാങ്ങി പരീക്ഷണം നടത്തുകയായിരുന്നു. വിത്തുപാകി നാൽപ്പത്തിയഞ്ചാം ദിനം ആദ്യപുഷ്പം ഇതൾവിടർത്തി. അടുത്ത ഒരുമൊട്ടുകൂടി രണ്ടുദിവസത്തിനുള്ളിൽ വിരിയും. അമേരി പിയോണി, പിങ്ക് ക്ലൗഡ്,കോക്കനട്ട് മിൽക്ക്,ബുച്ചാ, ഗ്രീൻ ആപ്പിൾ,തമോ, ന്യൂ സ്റ്റാർ, യെല്ലോ പിയോണി, വൈറ്റ് പഫ്, സ്ലിംഗ് തങ് സൂയി, റെഡ് ലിപ്പ്, പിങ്ക് മെഡോ, നന്നാലിൻ തുടങ്ങി ഇനങ്ങളിലുള്ള താമരകളുടെ ഒരു ശേഖരം തന്നെയുണ്ട്. ഇതിന് പുറമേ ആമ്പലുകളും നിരവധി വാട്ടർ പ്ലാന്റുകളുമുണ്ടിവിടെ. ഇൻഡോർ പ്ലാന്റുകളായ ആഗ്ലോണിമയുടെ 15 പരം ചെടികളും പത്തുമണിച്ചെടിയുടെ വിവിധ കളക്ഷനും വളരുന്നു. താമരയുടെ വിത്തുകൾ കേരളത്തിൽ എവിടെയും ഓർഡർ അനുസരിച്ചു കൊറിയർ ചെയ്ത് നൽകാനും മീനു സമയം കണ്ടെത്തുന്നുണ്ട്. അടൂർ മലബാർ ഗോൾഡ് ആൻഡ് ഡയമൺസിൽ സെയിൽസ് സ്റ്റാഫാണ് മീനു.