 
പത്തനംതിട്ട : കക്കി - ആനത്തോട്, പമ്പ ഡാമുകളുടെ ഷട്ടറുകൾ ഇന്നലെ തുറന്നു. കക്കി - ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകൾ ഇന്നലെ രാവിലെ 11ന് തുറന്നു. രണ്ടാം നമ്പർ ഷട്ടറാണ് ആദ്യം തുറന്നത്. തുടർന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്ക്ക് ഒന്നിന് ഷട്ടർ ഒന്നും തുറന്നു. 60 സെന്റീ മീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്. നിലവിൽ 72 ക്യുമെക്‌സ് ജലമാണ് പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാൻ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ സ്ഥലത്ത് എത്തിയിരുന്നു.
പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മി വീതം തുറന്ന് 25 ക്യുമെക്‌സ് ജലം പമ്പാനദിയിലേക്ക് ഒഴുക്കി തുടങ്ങി. ഇന്നലെ വൈകുന്നേരം നാലിന് ശേഷമാണ് ഷട്ടറുകൾ തുറന്നത്. ആവശ്യമെങ്കിൽ ഇരുഷട്ടറുകളും 60 സെ.മി വരെ ഉയർത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുന്നതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വനമേഖലയിൽ മഴ തുടരുന്നതിനാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്നതിനാൽ പമ്പാ നദിയിലെ ജല നിരപ്പ് ഇന്നുച്ചയോടെ ഉയർന്നേക്കും.
ജാഗ്രതാ നിർദേശം
പമ്പാ നദിയുടെ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് മുഖേന പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. അപകട സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീൽദാർമാരേയും വില്ലേജ് ഓഫീസർമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ അപകടസാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും പട്ടികജാതി പട്ടികവർഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി.