പന്തളം: തുമ്പമൺ പഞ്ചായത്ത് 13-ാം വാർഡിൽ നെടുംങ്ങോട്ടു പുഞ്ചയുടെ സമീപങ്ങളിൽ താമസിക്കുന്ന 25 വീടുകളിൽ അപ്രതീക്ഷിതമായി വെള്ളം കയറി. കരിമ്പിലായ്ക്കൽ ഭാഗത്ത് കൃഷിയുടെ ആവശ്യത്തിനായി സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത്​ ഷട്ടർ സ്വകാര്യ വ്യക്തികൾ താഴ്ത്തിയതാണ് വെള്ളം കയറാൻ കാരണം. എത്തവാഴ, മരച്ചീനി ഉൾപ്പെടെയുള്ളവയ്ക്ക്നാശം സംഭവിച്ചു. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെ സമീപിക്കുകയും സെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസർക്കും , ജില്ലാ കളക്ടർക്കും പരാതി നൽകി.കരിമ്പിലായ്ക്കൽ ഭാഗത്തു ഷട്ടർ താഴ്ത്തുന്നതിനു ചുമതല പഞ്ചായത്ത്​ എടുക്കണമെന്നും, ഇടക്കുന്ന് വടക്ക് മൂഴിക്കൽ ഭാഗത്ത് ബണ്ട് സ്ഥാപിച്ചു ഷട്ടറിട്ടു നെടുംങ്ങോട്ടു പുഞ്ച ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.