dogs

കോന്നി: പയ്യനാമണ്ണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാകുന്നു.പയ്യനാമൺ രാമപുരം ചന്തയിലും പരിസര പ്രദേശങ്ങളിലുമാണ് ഇവറ്റകളുടെ ശല്യം ഏറെയും. രാവിലെ നടക്കാനിറങ്ങുന്നവരും,പത്രവിതരണം നടത്തുന്നവരും സൊസൈറ്റികളിൽ പാൽ കൊണ്ടു പോകുന്നവരും ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനംഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്.നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആൾപ്പെരുമാറ്റമില്ലാത്ത പൊന്തക്കാടുകളുമൊക്കെയാണ് ഇവയുടെ വിശ്രമ കേന്ദ്രം. കട വരാന്തകളിലും ഇവ തമ്പടിക്കുന്നു. കോന്നി പഞ്ചായത്തിൽ പല പ്രദേശങ്ങളിലും മാസങ്ങളായി തെരുവു നായ ശല്യമുണ്ട്. പഞ്ചായത്ത് അധികൃതർ ഇടപെടുകയും ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ താലൂക്ക് വികസന സമിതിയോഗത്തിലും പ്രദേശത്തെ തെരുവ് നായ ശല്യം ചർച്ചയായിരുന്നു.ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ് ) പദ്ധതി നടപ്പാക്കുന്നത്. നായകളെ വന്ധ്യകരിക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്. ഒരു നായയ്ക്ക് 1500 രൂപ വീതമാണ് കുടുംബശ്രീ ഈടാക്കുക. എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും പദ്ധതി വിഹിതത്തിൽ എ.ബി.സി പദ്ധതിയ്ക്കായി തുക മാറ്റി വയ്ക്കാറുണ്ട്. ജില്ലയിൽ ആനിമൽ ഹസ്ബെൻഡറിയുടെ പുളിക്കീഴ് കേന്ദ്രത്തിലാണ് എ.ബി.സി ചെയ്യുന്നത്. എന്നാൽ പദ്ധതി നടക്കുന്നുണ്ടെന്ന് അധികൃതർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്.

.............................

തെരുവ് നായശല്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം

( ഉദയകുമാർ ഹരിത.
പയ്യനാമണ്ണിലെ വ്യാപാരി )