bridge
ഐരവൺ പാലം പണിയുമായി ബന്ധപെട്ട് അരുവാപുലം പഞ്ചായത്ത് ഓഫീസിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സംസാരിക്കുന്നു

കോന്നി: അരുവാപ്പുലം - കോന്നി കരകളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അരുവാപുലം പഞ്ചായത്ത് ഓഫീസിൽ ചേർന്ന പൊതുമരാമത്ത് പാലം വിഭാഗം,റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 പേരുടെ ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്. പാലത്തിന്റെ ഡിസൈൻ മൂന്ന് ആഴ്ചയിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിസൈൻ തയ്യാറാക്കി ടെൻഡർ നടപടിക്രമങ്ങൾ നവംബർ മാസത്തിൽ പൂർത്തീകരിക്കും. പന്ത്രണ്ടരക്കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചത്. ആലപ്പുഴ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർമ്മാണ ചുമതല. പാലം പൂർത്തിയാകുന്നതോടുകൂടി അരുവാപ്പുലം പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് വേഗതയേറും. പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് മെയിൻ റോഡിൽ എത്താതെ തന്നെ കോന്നി മെഡിക്കൽ കോളേജിലും ജില്ലാ ആസ്ഥാനത്തും വളരെ വേഗത്തിൽ എത്താൻ കഴിയും. യോഗത്തിൽ അരുവാപുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, ദേവകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി.കെ.രഘു, ഷീബ, സിന്ധു ,ശ്രീകുമാർ, ശ്രീലത, ശ്രീകുമാർ.വി, ബിന്ദു, അമ്പിളി, മിനി ഇടിക്കുള, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ ജോയ്, പഞ്ചായത്ത് സെക്രട്ടറി സനൽ കുമാർ, വില്ലേജ് ഓഫീസർ റജി വി.എസ് എന്നിവർ പങ്കെടുത്തു.

അനുവദിച്ചത്: 12.5 കോടി