
പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര ഇന്ന് കുന്നന്താനത്ത് നിന്ന് ആരംഭിക്കും. രാവിലെ 10ന് ഇലന്തൂരിൽ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സ്മൃതി സംഗമവും നടക്കും. പദയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മല്ലപ്പള്ളി ടൗണിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. അഞ്ച് ദിവസം നീണ്ടുനില്ക്കുന്ന പദയാത്ര 10 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിലുള്ള പ്രദേശങ്ങളിലൂടെ എഴുപത്തഞ്ച് കിലോമീറ്റർ സഞ്ചരിച്ച് 14ന് മൈലപ്രയിൽ സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 5ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു സ്വാതന്ത്ര്യ വജ്ര ജൂബിലി സന്ദേശം നല്കും .
സമാപന സമ്മേളനത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളിധരൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.