ചെങ്ങന്നൂർ: ക്ഷേത്ര പ്രവേശനത്തിനും നവോത്ഥാനത്തിന് കാരണഭൂതയായ ചെങ്ങന്നൂരിലെ നാരായണിക്കും ചരിത്രത്തിൽ അദ്വിതീയ സ്ഥാനം നൽകണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചെങ്ങന്നൂർ ക്ഷേത്ര പ്രവേശന ശതവർഷ സ്മരണയുടെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൽവിഗ്രഹത്തെ തൊഴുന്നവർ കൽപ്പണിക്കാരനായ ശില്പിയെ ആദരിക്കുവാൻ മറന്നു. എന്ന് നമ്മുടെ സമൂഹം അത്തരം കൂട്ടരെ ആദരിച്ചും സഹകരിപ്പിച്ചും തുടങ്ങുന്നുവോ അന്നു മുതൽക്കേ സമത്വ സുന്ദരമായ രാജ്യം കെട്ടിപ്പടുക്കാനാവു. ഷാജഹാനല്ല താജ് മഹൽ നിർമ്മിച്ചത്. അത് മഹാന്മാരായ ശില്പികളാണെന്നും പി.പ്രസാദ് പറഞ്ഞു. ശതവ൪ഷസ്മരണ പ്രഖ്യാപനവും സ്മരണ പുതുക്കി100 ദീപം തെളിയിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് വെൽഫയർ ആൻഡ് എഡ്യുക്കഷണൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.സി.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ചെങ്ങന്നൂർ നഗരസഭാ ചെയ൪ പേഴ്സൺ മറിയാമ്മ ഫിലിപ്പ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.വി എം.എസ് ജനറൽ സെക്രട്ടറി ഈരേഴ വിജയൻ, എസ്.എൻ.ഡി.പി ചെങ്ങന്നൂ൪ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, സാംബവ മഹാസഭ ചെങ്ങന്നൂർ യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, അഡ്വ.പി. രഘുനാഥൻ, എസ്.ശശികുമാർ ചെങ്ങന്നൂർ, മുനിസിപ്പൽ കൗൺസില൪ ലതിക രഘു, സി. പി മഹേഷ്, മണിക്കുട്ടൻ തോട്ടുങ്കൽ, ടി.സി. ഉണ്ണിക്കൃഷ്ണൻ, എ.സി രഘു, മോഹൻ കൊട്ടാരത്തു പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി ഫിസിക്സിന് ഒന്നാം റാങ്ക് നേടിയ സാന്ദ്ര സന്തോഷിന് ടി.ജി. പൊന്നപ്പൻ എൻഡോവ്മെൻ്റും കാഷ് അവാ൪ഡും മോമെന്റോയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഡയറി ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ ആർദ്രസുന്ദരൻ, കേരള യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി കംമ്പ്യൂട്ടർ സയൻസിന് രണ്ടാം റാങ്ക് നേടിയ ഭാഗ്യലക്ഷ്മി എന്നിവ൪ക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി. ചെങ്ങന്നൂർ താലുക്കിൽ പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. സമ്മേളനത്തിന് മുന്നോടിയായി 100 പേരടങ്ങുന്ന സംഘം ചെങ്ങന്നൂർമഹാദേവർ ക്ഷേത്രത്തിലെത്തി പ്രതീകാത്മകമായി മുറപ്രകാരം ഉള്ളക്ഷേത്രദർശനം നടത്തിയ ശേഷം ശതവർഷ സ്മരണ ശോഭാ യാത്ര നടത്തി. യോഗത്തിൽ വി.സ് ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.ടി.കെ സോമശേഖരൻ സ്വാഗതവും ടി.പി ജയദേവ ശ൪മ നന്ദിയും പറഞ്ഞു.