kit
കിറ്റിലേക്കുള്ള സാധനങ്ങൾ പത്തനംതിട്ട മൈലപ്ര സപ്ലൈക്കോയിൽ തയ്യാറാക്കുന്ന തൊഴിലാളികൾ

പത്തനംതിട്ട : ഓണത്തെ വരവേൽക്കാൻ സൗജന്യക്കിറ്റുകളുമായൊരുങ്ങി സപ്ലൈകോ. സർക്കാരിന്റെ ഓണക്കിറ്റിനായി ജില്ലയിൽ തയ്യാറാക്കുന്നത് 3,58,269 ലക്ഷം ഭക്ഷ്യസാധനക്കിറ്റുകളാണ്. സപ്ളൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് കിറ്റ് തയ്യാറാക്കുന്നത്. പത്തനംതിട്ട, പറക്കോട്, തിരുവല്ല, റാന്നി ഡിപ്പോകളാണ് ജില്ലയിലുള്ളത്. മൈലപ്ര, വി.കോട്ടയം, ഓമല്ലൂർ, ഊന്നുകൽ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി തുടങ്ങിയ സപ്ലൈകോ യൂണിറ്റുകളിലാണ് കിറ്റിന്റെ പായ്ക്കിംഗ് നടക്കുന്നത്. തുണി സഞ്ചിയടക്കം പതിനാല് ഇനം അടങ്ങിയ കിറ്റാണ് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ എ.എ.വൈ കാർഡുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. എ.പി.എൽ, ബി.പി.എൽ കാർഡുകൾക്ക് അതിന് ശേഷം കിറ്റുകൾ വിതരണം ചെയ്യും.

കുടുംബശ്രീയടക്കമുള്ള സംരംഭകരിൽ നിന്നാണ് തുണിസഞ്ചി വാങ്ങുന്നത്. തുണിസഞ്ചി കൂടിയെത്തിയാൽ വിതരണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കിറ്റിലുള്ള മറ്റ് സാധനങ്ങളെല്ലാം ജില്ലയിലെ ഡിപ്പോകളിൽ എത്തിയിട്ടുണ്ട്. സാധനങ്ങളുടെ പായ്ക്കിംഗും ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.

13 കൂട്ടം സാമഗ്രികളും

തുണിസഞ്ചിയും
...............................

1. മുളക്, 2. ഉപ്പ്, 3. വെളിച്ചെണ്ണ, 4. തേയില, 5.കശുവണ്ടിപരിപ്പ്, 6.നെയ്യ്, 7. മഞ്ഞൾപ്പൊടി, 8. ഏലയ്ക്ക, 9.ശർക്കരവരട്ടി, 10. ഉണക്കലരി, 11.പഞ്ചസാര, 12.ചെറുപയർ, 13. തുവര പരിപ്പ്.

ഈ മാസം എല്ലാവർക്കും കിറ്റുകൾ വിതരണം

ചെയ്യാനാണ് സപ്ലൈകോ ശ്രമിക്കുന്നത്.

വിവിധ ഡിപ്പോയിൽ തയ്യാറാകുന്ന

കിറ്റുകളുടെ എണ്ണം

പത്തനംതിട്ട : 1,01,970

പറക്കോട് : 90,813

തിരുവല്ല : 91,452

റാന്നി : 74,034

ആകെ : 3,58,269

" സാധനങ്ങൾ എല്ലാം ജില്ലയിലെത്തിയിട്ടുണ്ട്. എല്ലാത്തിന്റേയും പായ്ക്കിംഗ് ഏകദേശം പൂർത്തിയായി. തുണിസഞ്ചിയിലാണ് സാധനങ്ങൾ വിതരണം ചെയ്യുക. വേഗത്തിൽ തന്നെ വിതരണം പൂർത്തിയാക്കും.

പത്തനംതിട്ട സപ്ലൈ ഓഫീസ് അധികൃതർ