file

അടൂർ: നെടുംകുന്ന് മല ടൂറിസം പദ്ധതിക്ക് ഭൂമി വിട്ടുനൽകാൻ റവന്യു വകുപ്പ് തയ്യാറാകുന്നില്ല. ഇരുപത് വർഷത്തിലധികമായി പലവിധ കാരണങ്ങളാൽ തടസപ്പെട്ട് കിടന്ന പദ്ധതി യാഥാർത്ഥ്യമാകാൻ ഫണ്ട് അനുവദിച്ചപ്പോൾ ആണ് ഭൂമിയുടെ അവകാശതർക്കവുമായി റവന്യു വകുപ്പ് രംഗത്ത് വന്നത്. 3 കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിപ്പിച്ചത്. ഇതിൽ ഒന്നരക്കോടി രൂപ പദ്ധതി നടപ്പിലാക്കേണ്ട ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അക്കൗണ്ടിലെത്തുകയും ചെയ്തു. ഒന്നരക്കോടിയുമായി ടൂറിസം വകുപ്പ് കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഭൂമി പാട്ടത്തിന് ടൂറിസം ഡിപ്പാർട്ട്മെന്റിന് നൽകാമെന്നാണ് റവന്യു വകുപ്പ് പറഞ്ഞത്. ഇതു സംബന്ധിച്ച തീരുമാനത്തിനായുള്ള ഫയൽ പത്തനംതിട്ട കളക്ടറേറ്റിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പോയിട്ട് മൂന്ന് വർഷമായി. തുടർന്നുള്ള നടപടിയിൽ ആർക്കും ഒരു നിശ്ചയവുമില്ല. ഇതോടെ ടൂറിസം പദ്ധതി അനശ്ചിതത്വത്തിലായി.

അഞ്ച് ഏക്കറാണ് നെടുംകുന്ന് മല. ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കയ്യേറ്റമൊഴിപ്പിച്ച് അതിർത്തി തിരിച്ച് കല്ലിട്ടത്. ഇപ്പോൾ കല്ലും കാണാനില്ല. സമുദ്രനിരപ്പിൽനിന്നും 1600 അടി പൊക്കമുണ്ട്. അടൂർ പട്ടണത്തിന്റെ മനോഹാരിത നെടുംകുന്ന് മലയിൽ നിന്നുള്ള ദൂരക്കാഴ്ചകളാണ്. കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന കേന്ദ്രം, 40 മീറ്റർ ഉയരത്തിൽ വാച്ച് ടവർ, വിവിധ പ്രതിമകൾ, കളിസ്ഥലം, കൺവെൻഷൻ സെന്റർ , ക്യാമ്പ് സെന്റർ , ഫുഡ് കോർട്ട് തുടങ്ങിയവയായിരുന്നു പദ്ധതികൾ. ഇപ്പോൾ അടൂരിൽ സ്ഥാപിക്കാനിരുന്ന ശാസ്ത്ര മ്യൂസിയവും സയൻസ് പാർക്കും നെടുംകുന്ന് മലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉണ്ട്.