 
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ കാര്യക്ഷമമാക്കുമെന്ന് സി.ഡബ്യൂ.സി ചെയർമാൻ എൻ. രാജീവ് പറഞ്ഞു. കമ്മിറ്റികളുടെ പ്രവർത്തനം കർശനമായി നടപ്പാക്കാനുള്ള പ്രവർത്തനം നടത്തും. ഇതിനായുള്ള പരിശീലന പരിപാടികൾ തയ്യാറാക്കുകയാണിപ്പോൾ. കുട്ടികളെ ബാധിക്കുന്ന ഓരോ വിഷയത്തിലും നേരത്തെ ഇടപെടൽ നടത്തുകയാണ് ത്രിതല പഞ്ചായത്തുകളിൽ പ്രവർത്തിക്കേണ്ട ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ചുമതലകൾ. ഇവയ്ക്ക് സഹായകരമായ നിലയിൽ വിദ്യാർത്ഥി കൗൺസിലർ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, ബ്ലോക്ക് തല രക്ഷാകർത്തൃ കൗൺസലിംഗ് സംവിധാനം എന്നിവ കൂടി ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ജില്ലയിൽ പോക്സോ കേസുകൾ വർദ്ധിച്ചുവരുന്നുവെന്ന വാർത്ത കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് തലത്തിലെ ജാഗ്രതാ സമിതികൾ വിപുലമാക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ബോധവൽക്കരണം നടത്താനാണ് ഇത്തരം പദ്ധതികൾ.
ഔർ റെസ്പോൺസബിലിറ്റി ടു ചിൽഡ്രൻ എന്ന പദ്ധതി കൂടുതൽ ജനകീയമാക്കി കൂടുതൽ സ്കൂളുകളെ അതിൽ പങ്കാളികളാക്കും. കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് രക്ഷിതാക്കളേയും അദ്ധ്യാപകരേയും സമൂഹത്തേയും പ്രാപ്തരാക്കി കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഒ.ആർ.സി. വനിതാ ശിശുവികസന വകുപ്പ് വിവിധ വകുപ്പുകളുമായി സംയോജിച്ച് സ്കൂളുകൾ വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. പോക്സോ കേസുകളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.