 
തിരുവല്ല: പൊലീസുകാരൻ ചമഞ്ഞ് കാൽനടയാത്രക്കാരിൽ നിന്നടക്കം പണവും സ്വർണാഭരണവും തട്ടിയെടുത്ത യുവാവ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻവീട്ടിൽ അനീഷ് (36) ആണ് ഇന്നലെ രാവിലെ പിടിയിലായത്. തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് അനീഷിനായി തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതുവഴി കടന്നുപോയി. അനീഷിനെ ഇയാൾ തിരിച്ചറിഞ്ഞതോടെ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വഴിയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന അനീഷ് മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞുനിറുത്തി പെറ്റി എന്ന പേരിൽ പണംവാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്രചെയ്യുന്നവരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിറുത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പുളിക്കീഴ് സ്റ്റേഷന് സമീപം സ്കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം ബൈക്ക് കുറുകെവച്ച് തടഞ്ഞശേഷം സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. തുടർന്ന് വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് 5000 രൂപ കൈക്കലാക്കി. ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരുഗ്രാം തൂക്കമുള്ള കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കിവിട്ടശേഷം കടക്കുകയായിരുന്നു. വിജയന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് പരാതികൾകൂടി ലഭിച്ചതായി എസ്.ഐ.കവിരാജ് പറഞ്ഞു.