പത്തനംതിട്ട: വോളിയെന്നു കേട്ടാൽ പ്രക്കാനത്തുകാരുടെ കാലും കയ്യും ഇളകും. അവർക്ക് ഹൃദയവികാരമാണ് വോളി. കൊച്ചന്റേത്ത് പുരയിടത്തിൽ പയ്യൻമാർ കൂടിച്ചേർന്ന് വോളി കളിച്ചു. കളിക്കളത്തിൽ ആള് കൂടിക്കൊണ്ടിരുന്നു. കരയിലിരുന്ന് കളിയാവേശം തീർത്തവരും ഏറെ. 1967ൽ പ്രക്കാനം സന്തോഷ് സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് രജിസ്റ്റർ ചെയ്ത് ആദ്യ ടൂർണമെന്റ് നടത്തി. പ്രശസ്തരായ ഒട്ടേറെ ടീമുകൾ വാശിയോടെ മത്സരിക്കാനെത്തി. മലയാലപ്പുഴയിലെയും കുമ്പഴയിലെയും കുഴിക്കാലയിലെയും ടീമുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു. കടമ്മനിട്ട യു.സിയും പേരെടുത്തു. മിന്നുന്ന സ്മാഷുകൾ പായിക്കുന്നതിൽ ഒാരോ കളിക്കാർക്കും ഒരോ ശൈലിയായിരുന്നു. പന്തയം വച്ച് സ്മാഷടിച്ചവരുമുണ്ട്. വോളിയിലെ പ്രക്കാനം ചിട്ട തന്നെ രൂപപ്പെട്ടിട്ടുണ്ട്. പാരമ്പര്യത്തിലൂടെ അത് പുതുതലമുറയിലേക്കും പാസ് ചെയ്യപ്പെടുന്നു.

നാട്ടുകാർക്ക് വോളി ആവേശമായപ്പോൾ ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം പരിശീലനത്തിനും ടൂർണമെന്റിനുമായി വിട്ടുകൊടുത്തു. 2001 സംസ്ഥാന യൂത്ത് വോളിബാൾ ടൂർണമെന്റ് സ്റ്റേഡിയത്തിൽ നടന്നു. അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ബാലചന്ദ്രനായിരുന്നു മുഖ്യാതിഥി. 14 ജില്ലകളിൽ നിന്ന് പുരുഷ, വനിതാ വിഭാഗങ്ങളിലായി 28 ടീമുകൾ പങ്കെടുത്തു. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന പുരുഷ, വനിതാ ടീം സെലക്ഷനും പ്രക്കാനത്തു വച്ചായിരുന്നു. ആ വർഷം രണ്ട് ടീമുകളും ദേശീയ ചാമ്പ്യൻമാരായത് പ്രക്കാനത്തിന് അഭിമാനമായി. വോളിയെ ഗ്രാമങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രക്കാനത്ത് വോളിബാൾ അക്കാഡമി അനുവദിച്ചു. പ്രദേശത്തെ നിരവധി കുട്ടികൾ വോളി താരങ്ങളായി. അടുത്തിടെ, കായിക താരങ്ങൾക്ക് താമസിക്കാൻ വീണാജോർജ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 67ലക്ഷം അനുവദിച്ചു. സ്പോർട്സ് ഹോസ്റ്റൽ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. 28കുട്ടികൾക്ക് അവിടെ താമസിച്ച് പഠിച്ച് വോളി പരിശീലനം നടത്താം. പ്ളസ് ടു വരെയുള്ളവർക്കാണ് പ്രവേശനം. നിലവിൽ വാടക വീട്ടിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

പ്രക്കാനം ഗ്രാമത്തിൽ നടക്കുന്ന വോളി ടൂർണമെന്റ് സംസ്ഥാനമൊട്ടാകെ അറിയപ്പെട്ടു തുടങ്ങി. സന്തോഷ് ക്ളബിന്റെ സ്ഥാപകരും ആ സമയത്തെ കളിക്കാരുമെല്ലാം ഇപ്പോഴും ടീമിനൊപ്പമുണ്ട്. പ്രൊഫ. ടി. കെ.ജി നായർ, കൊച്ചീപ്പൻ കൊല്ലന്റേത്ത്, രാജൻകുട്ടി, അലക്സ് കോശി, ശശിധരൻ തുടങ്ങിയവർ.

മികച്ച പ്രതിരോധക്കാരനായ കൊച്ചീപ്പൻ കൊല്ലന്റേത്ത് സർവീസസിന്റെ പരിശീലകനായാണ് വിരമിച്ചത്. പൂനയിൽ അദ്ദേഹത്തിന്റെ പേരിൽ വോളിബാൾ സ്റ്റേഡിയമുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായ വിജയകുമാർ കെ.എസ്.ഇ.ബിയുടെയും ആൻഡേഴ്സൺ ഇൻകംടാക്സിന്റെയും താരങ്ങളായി.

പ്രക്കാനം സന്തോഷ് ക്ളബിനെ പല ടൂർണമെന്റുകളിലും വിജയിപ്പിച്ച പ്രതിരോധത്തിലെ കരുത്തരായിരുന്നു സത്യൻ മുട്ടത്തുകോണം, കുളങ്ങര ജോർജ്, കെ.എൻ. ശശിധരൻ എന്നീ ത്രീമൂർത്തികൾ. മൂന്നു പേരും മരണമടഞ്ഞെങ്കിലും അവരുടെ ഒാർമ്മകൾ ഇന്നും ആവേശം നിറയ്ക്കുതാണെന്ന് ക്ളബ് സെക്രട്ടറി അനിൽ ചൈത്രവും ദീർഘകാലം സെക്രട്ടറിയായിരുന്ന കെ.ആർ. അശോക് കുമാറും പറഞ്ഞു. പാരാ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ പരീശീലകനായിരുന്ന സുരേന്ദ്രൻ സന്തോഷ് ക്ളബിന്റെ താരമായിരുന്നു.

നിലവിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന നോബിൾ തോമസ്, ജഗൻ, സഞ്ജയ് എന്നിവർ പ്രക്കാനത്തുകാരാണ്.

ടൂർണമെന്റ് 12 മുതൽ

പ്രശസ്തമായ പ്രക്കാനം വോളിബാൾ ടൂർണമെന്റ് 12 മുതൽ 15 വരെ ചെന്നീർക്കര പഞ്ചായത്ത് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പ്രൊഫ. ടി.കെ.ജി നായരും ജനറൽ കൺവീനർ അനിൽ ചൈത്രവും അറിയിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് നടത്തുന്നത്. എട്ട് ടീമുകൾ മത്സരിക്കും.

12 ന് വൈകിട്ട് ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിനാഘോഷവും സമാപന സമ്മേളനവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.