road-
കോളേജ് റോഡിൽ സ്ഥിരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന കലിങ്കിന്റെ ഭാഗം

റാന്നി: ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സംസ്ഥാനപാത വികസനം റാന്നിയിൽ ഏതാണ്ട് പൂർത്തിയായെങ്കിലും ടൗണിൽ എത്തി കോളേജ് റോഡിലേക്ക് തിരിയുന്നവർ ഇപ്പോഴും ദുരിതത്തിലാകുകയാണ്. തിരക്കേറിയ റോഡിൽ ഇരുവശത്തും അലക്ഷ്യമായ പാർക്കിംഗാണ് ഗതാഗതക്കുരിക്കിന് പ്രധാന കാര്യം. കടകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പുറമെ ബീവറേജിലേക്ക് എത്തുന്ന വാഹനങ്ങളും റോഡരികിൽ പാർക്കിംഗ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ പഴവങ്ങാടി വില്ലേജ് ഓഫീസിലേക്കുള്ള വഴിയോട് ചേർന്നുള്ള കലിങ്കിന്റെ ഭഗത്ത് വീതി കുറവായതും ഗതഗതക്കുരുക്ക് രൂക്ഷമാക്കുന്നു.

ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ മിക്കപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. എന്നാൽ അധികൃതർ ഇടപെട്ട് അനധികൃത പാർക്കിംഗ് ഒഴിവാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതിനു പുറമേ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലിങ്ക് മണ്ണും ചെളിയും നിറഞ്ഞു പകുതിക്കു മുകളിൽ അടഞ്ഞിരിക്കുകയാണ്. കൂടാതെ മഴ സമയത്ത് കൃത്യമായ രീതിയിൽ ഇതിലേക്ക് വെള്ളം ഒലിച്ചു എത്താൻ കഴിയുംവിധം ഓടകളും നിർമ്മിച്ചിട്ടില്ല. കല്ലും മണ്ണും അടിഞ്ഞു കലിങ്ക് അടയുന്നതിനാൽ മഴ സമയത്ത് പലപ്പോഴും വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്.