bus

തിരുവല്ല : രാമായണ മാസത്തിലെ കെ.എസ്‌.ആർ.ടി.സിയുടെ 'നാലമ്പല ദർശനം’ തീർത്ഥാടനയാത്ര വൻഹിറ്റായി. എല്ലാ ട്രിപ്പിലും നിറയെ യാത്രക്കാരുമായി വിനോദയാത്ര പോലെതന്നെ. വരുമാനത്തിലും വലിയ നേട്ടമുണ്ട്. ജില്ലയിലെ മിക്ക ഡിപ്പോകളിൽ നിന്നും നാലമ്പല യാത്ര നടക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി, ഇരിങ്ങാലക്കുട കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്‌മണ, പായമ്മൽ ശ്രീ ശത്രുഘ്‌ന എന്നീ ക്ഷേത്രങ്ങളിലേക്കാണ്‌ നാലമ്പല യാത്ര. പുലർച്ചെ പുറപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ മുമ്പ്‌ നാല്‌ ക്ഷേത്രങ്ങളും സന്ദർശിക്കുന്ന രീതിയിലാണ്‌ യാത്ര. മുൻകൂട്ടി വഴിപാട്‌ ബുക്കുചെയ്യാനും ദർശനത്തിനായി പ്രത്യേക സൗകര്യങ്ങളും അതത്‌ ദേവസ്വങ്ങളുമായി സഹകരിച്ച് ക്രമീകരിച്ചിട്ടുണ്ട്‌. ഈമാസം 14,15 തീയതികളിലാണ് ഇനി നാലമ്പല ദർശന യാത്രയുള്ളത്. കൂടാതെ ആവശ്യാനുസരണം മറ്റുദിവസങ്ങളിലും യാത്ര ക്രമീകരിക്കും. ഗ്രൂപ്പായി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഉല്ലാസയാത്രകൾ
കെ.എസ്‌.ആർ.ടി.സിയുടെ മറ്റ് വിനോദയാത്രകളും ജനപ്രിയമായി മുന്നോട്ട് പോകുന്നു. കോന്നിയിൽ നിന്ന് ഉല്ലാസയാത്ര 14ന് ക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് ഉടനെ വിനോദയാത്രകളും ആരംഭിക്കും. പുതിയ പാക്കേജുകൾക്ക് ഉള്ള അനുവാദം ലഭിച്ചു കഴിഞ്ഞു തിരുവല്ലയിൽ നിന്ന് 13ന് മൂന്നാർ, 14ന് കുമരകം, 15ന് മലക്കപ്പാറ എന്നീ ട്രിപ്പുകളും അടൂരിൽ നിന്ന് 14ന് കുമരകം എന്നീ ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. കടൽയാത്ര 15ന് പുനരാരംഭിക്കുന്നതാണ്. കെ.എസ്‌.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടെയാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് തിരുവല്ല : 9744348037, 9074035832. പത്തനംതിട്ട : 9495752710, 9847042507, അടൂർ : 9447302611, 9207014930, കോന്നി : 8281855766 , 9447044276.