 
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽ കടവ് - നൂറോമ്മാവ് റോഡ് തകർന്നത് മൂലം യാത്ര ദുരിതം. നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ പദ്ധതിക്കായി കോഴിമണ്ണിൽ കടവിൽ നിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് പൈപ്പ് സ്ഥാപിക്കാൻ കുഴികളെടുത്തതാണ് റോഡിന്റെ തകർച്ചയുടെ പ്രധാന കാരണം.പൈപ്പ് നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടും റോഡ് നിർമ്മാണത്തിന്റെ കാര്യത്തിൽ അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയും. ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിലും , ആരാധനാലയങ്ങളിലും ജനങ്ങൾ എത്തേണ്ടത് തകർന്ന റോഡിലൂടെ യാത്ര ചെയ്തുവേണം. ഒാട്ടോറിക്ഷകളും മറ്റും ചെളിയിൽ പുതഞ്ഞ് യാത്ര തുടരാനാവാത്ത സ്ഥിതിയുമുണ്ട്. ഉന്നത നിലവാരത്തിൽ നവീകരണം നടത്തുമെന്ന് അധികാരികൾ അറിയിക്കുമ്പോഴും എന്ന് നടക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.