medical-college-road
തകർന്ന ആനകുത്തി കോന്നി മെഡിക്കൽ കോളേജ് റോഡ്

കോന്നി: ആനകുത്തി മെഡിക്കൽ കോളേജ് റോഡ് തകർന്ന് യാത്ര ദുഷ്കരമായി. കോന്നി കുമ്മണ്ണൂർ റോഡിൽ നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് തിരിയുന്ന ഭാഗം മുതൽ വട്ടമണ്ണിലേക്ക് തിരിയുന്ന ഭാഗങ്ങൾ വരെ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴപെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം. കോന്നി അരുവാപ്പുലം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഭാഗത്തെ റോഡാണ് തകർന്നിരിക്കുന്നത്. കോന്നി പഞ്ചായത്തിലെ ഒൻപതാം വാർഡിലും അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാർഡിലും ഉൾപ്പെട്ടതാണ് ഈ റോഡ്. കോന്നി മെഡിക്കൽ കോളേജിലേക്കും സി.എഫ്.ആർ.ഡി കോളേജിലേക്കും പോകുന്ന പ്രധാന റോഡാണിത്. മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ഉൾപ്പെടയുള്ള നൂറോളം വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത്. ആനകുത്തിയിൽ നിന്നും തിരിയുന്ന ഭാഗങ്ങൾ മുതൽ റോഡിൽ വലിയ കുഴികളാണ്.മെഡിക്കൽ കോളേജ് റോഡിനൊപ്പം വികസിപ്പിക്കേണ്ട റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നിലവിൽ റോഡിലെ യാത്ര ദൂഷ്കരമാണ്. മഴ ശക്തമായതോടെ റോഡിലെ കുഴികൾ നിറയെ വെള്ളക്കെട്ടാണ്. ഈ റോഡിലൂടെ നിരവധി ബസുകളും മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്നുണ്ട്.